krishnadas

കാസർകോട്:എൻ.ഡി.എക്കെതിരെ ദേശീയതലത്തിൽ രൂപം കൊണ്ട ഇന്ത്യാമുന്നണി സഖ്യം അതിന്റെ മുഖംമൂടി പിച്ചി ചീന്തി അഴിമതി സഖ്യമായി അധ:പതിച്ചിരിക്കുന്നുവെന്ന് ബി.ജെ.പി ദേശിയ നിർവ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് കുറ്റപ്പെടുത്തി. ഡൽഹി മുഖ്യമന്ത്രി കെജിരിവാളിന് അനുകൂലമമായി സി.പി.എമ്മും കോൺഗ്രസും നടത്തുന്ന പ്രതിഷേധവും പ്രതിരോധവും ഇതിന് ഉദാഹരണമാണ്. അറസ്റ്റിനെതിരായിട്ട് സമരം നടന്നിട്ടുള്ളത് ഡൽഹിയിലും കേരളത്തിലുമാണെന്നും കൃഷ്ണദാസ് പറഞ്ഞു.

പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത് സി.പി.എമ്മും കോൺഗ്രസുമാണ്. ഈ രണ്ട് പാർട്ടിക്കും കേരളത്തിൽ മാത്രമാണ് സ്വാധീനമുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തുടച്ച് മാറ്റപ്പെട്ടു. കെജിരിവാളിന് സംഭവിച്ചത് പോലെ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനും സംഭവിക്കുമെന്ന് മുൻകൂട്ടി കണ്ട് നടത്തുന്ന സമരമാണിത്. പിണറായി വിജയനും കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുകയാണ്. അഴിമതി കേസിൽ കേരള മുഖ്യമന്ത്രി അറസ്റ്റ് ചെയ്യപ്പെട്ടാൽ കോൺഗ്രസ് എന്ത് നിലപാടാണ് സവീകരിക്കുക എന്ന് വ്യക്തമാക്കണം. തെലുങ്കാന തിരഞ്ഞെടുപ്പിലും കോൺഗ്രസ് പ്രധാനമായും ഉന്നയിച്ചത് കെജ്രിവാളിന്റെ അഴിമതിയെ പറ്റിയാണ്. ഇതുപോലെ പിണറായി വിജയനെതിരായും കോൺഗ്രസ് അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. സാധാരണക്കാരനെ സഹായിക്കാൻ ആന്ധ്രയിൽ നിന്ന് കടം വാങ്ങി അരിവിതരണം ചെയ്യുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എറണാകുളം ജില്ലയിലെ മരിയ സ്‌പൈസസ് എന്ന സ്വകാര്യ കമ്പനിക്കാണ് ഇതിനായി കരാർ കൊടുത്തതെന്നും കൃഷ്ണദാസ് ആരോപിച്ചു.

സി പി.എം, സി പി.ഐ സംയുക്തമായി നടത്തിയ അഴിമതി കുംഭകോണമാണ് കെ റൈസ് എന്ന് പി.കെ.കൃഷ്ണദാസ് പറഞ്ഞു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്, സംസ്ഥാനസമിതി അംഗം എം.നാരായണഭട്ട്, ജില്ലാ ജനറൽ സെക്രട്ടറി വിജയ്കുമാർ റൈ, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ഗണേഷ് പാറക്കട്ട എന്നിവരും സംബന്ധിച്ചു.