pinarayi

കാസർകോട്:കാസർകോട് മണ്ഡലത്തിലെ എൽ.ഡി.എഫ് പ്രചാരണത്തിന് ഊർജ്ജം പകർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനം. ഇന്നലെ ഉച്ചക്ക് കാഞ്ഞങ്ങാട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ എത്തിയ മുഖ്യമന്ത്രി ഉച്ചഭക്ഷണത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് പ്രചരണ ഗോദയിൽ ഇറങ്ങിയത്. ചട്ടഞ്ചാൽ ഏരിയാ കമ്മിറ്റി ഓഫീസിൽ ഉദുമ മണ്ഡലത്തിലെ സി.പി. എം നേതാക്കളുടെയും അതിയാമ്പൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ കാഞ്ഞങ്ങാട് മണ്ഡലത്തിലെ സി.പി.എം നേതാക്കളുടെയും യോഗത്തിൽ സംബന്ധിച്ച പിണറായി വിജയൻ വേണ്ടുന്ന നിർദ്ദേശം നൽകി.

ഇതിന് ശേഷം റസ്റ്റ് ഹൗസിൽ ചർച്ചകൾക്ക് നേതൃത്വം നൽകി. വൈകുന്നേരം കാഞ്ഞങ്ങാട് അലാമിപ്പള്ളിയിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ കൂട്ടായ്മയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പൗരത്വ ഭേദഗതി നിയമം അറബിക്കടലിൽ എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ വൻ ജനപങ്കാളിത്തമാണുണ്ടായത്. ഉദ്ഘാടനപ്രസംഗത്തിൽ ആർ.എസ്.എസിനെയും കോൺഗ്രസിനെയും കടന്നാക്രമിച്ചു കൊണ്ടാണ് മുക്കാൽ മണിക്കൂർ നേരം മുഖ്യമന്ത്രി പ്രസംഗിച്ചത്.

കോൺഗ്രസ് നിയമസഭ പ്രമേയത്തെ പരിഹസിക്കുന്നു:മുഖ്യമന്ത്രി

കാഞ്ഞങ്ങാട്: നിയമസഭയിൽ ഒറ്റക്കെട്ടായി പാസാക്കിയ നിയമസഭ പ്രമേയത്തെ പരിഹസിക്കുന്ന നിലപാടാണ്‌ കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നതെന്ന് കാഞ്ഞങ്ങാട്ട് പൗരത്വനിയമ ഭേദഗതിയ്ക്കെതിരെ എൽ.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. പ്രതിപക്ഷനേതാവ് ചരിത്രം മറന്നു കൊണ്ട് ബി.ജെ.പി സർക്കാരിനൊപ്പം നിൽക്കുകയാണോയെന്നും അദ്ദേഹം ചോദിച്ചു.

രാജ്യത്ത് വ്യാപകമായ പ്രക്ഷോഭം നടന്ന ഘട്ടത്തിൽ കേരളത്തിലെകോൺഗ്രസ് എം.പിമാർ പാർട്ടി അദ്ധ്യക്ഷയുടെ വീട്ടിൽ വിരുന്നുണ്ണുകയായിരുന്നു. പ്രക്ഷോഭത്തിൽ ഇടതുനേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടു. ഏതെങ്കിലും കോൺസുകാരൻ അറസ്റ്റ് ചെയ്യപ്പെട്ടോ.ലോകസഭയിൽ ആരിഫ് എം.പി മാത്രമാണ് ശബ്ദമുയർത്തിയത്.കോൺഗ്രസ് എം.പിമാർ എവിടെ ആയിരുന്നു. മുഖ്യമന്ത്രിചോദിച്ചു.

ഇ.ചന്ദ്രശേഖരൻ എം.എൽ.എയാണ് പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചത്. എൽ.ഡി.എഫ് കൺവീനർ
കെ.പി സതീഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എം.എൽ.എമാരായ സി എച്ച് കുഞ്ഞമ്പു, എം.രാജാഗോപാലൻ, മുതിർന്ന സി.പി എം നേതാവ് പി.കരുണാകരൻ, സ്ഥാനാർത്ഥി എം.വി.ബാലകൃഷ്ണൻ,
പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, സി പി.ഐ ജില്ലാ സെക്രട്ടറി സി പി.ബാബു,കേരള കോൺഗ്രസ് എം. സംസ്ഥാന സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പൻ, എൻ.സി പി ജില്ലാ പ്രസിഡന്റ് കരീം ചന്തേര, ജെ.ഡി.എസ്. ജില്ലാ പ്രസിഡന്റ് പി.പി.രാജു, ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് വി.വി കൃഷ്ണൻ, ഐ.എൻ.എൽ നേതാവ് മൊയ്തീൻ കുഞ്ഞി കളനാട് ,കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് ടി.വി വിജയൻ,കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ,കേരളകോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് പി.ടി നന്ദകുമാർ, ജനാധിപത്യ കേരളകോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രതീഷ് പുതിയപുരയിൽ തുടങ്ങിയവർ പ്രസംഗിച്ചു.