banar
ചെറുവത്തൂർ ടൗണിൽ ബസ്സ്റ്റാൻഡിന് കിഴക്കുഭാഗത്തെ ഒഴിഞ്ഞ സ്ഥലത്ത് കെട്ടിയ ബാനർ

ചെറുവത്തൂർ: ചെറുവത്തൂരിൽ തുറന്നതിന് ശേഷം പൂട്ടിയ കൺസ്യൂമർഫെഡ് വിദേശമദ്യശാല വീണ്ടും തുറന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് ചെറുവത്തൂർ പോരാളികൾ വാട്സ്ആപ് കൂട്ടായ്മയിലെ പ്രവർത്തകർ കെട്ടിയ ബാനർ ഡി.വൈ.എഫ്.ഐ പ്രവർത്തകർ അഴിച്ചുമാറ്റി. ചെറുവത്തൂർ ടൗണിൽ ബസ് സ്റ്റാൻഡിന് കിഴക്കുഭാഗത്തെ ഒഴിഞ്ഞ സ്ഥലത്ത് കെട്ടിയ ബാനർ ആണ് എടുത്തുമാറ്റിയത്.

'പറ്റിയത് തെറ്റ് തന്നെ. അത് തിരുത്താനാണ് ഞങ്ങൾ പാവം അണികൾ ആവശ്യപ്പെട്ടത്, അത് ചെവിക്കൊള്ളാൻ തയ്യാറല്ലെങ്കിൽ ഞങ്ങൾ നിങ്ങളിൽ നിന്ന് അകലം പാലിക്കും. മുതലാളിക്ക് ഒരു വോട്ടേയുള്ളൂ. ഞങ്ങൾക്ക് ആയിരക്കണക്കിന് വോട്ടുകളുണ്ട്. നൽകിയ വാക്ക് പാലിക്കുന്നില്ലെങ്കിൽ നമുക്ക് കാത്തിരുന്നുകാണാം. ഞങ്ങൾ അദ്ധ്വാനവർഗത്തോടൊപ്പം" തുടങ്ങിയ നിശിതവിമർശനം അടങ്ങിയതാണ് ബാനർ. പോരാളികൾ ബാനർ സ്റ്റാറ്റസ് ഇടുകയും ചെയ്തു.

എന്നാൽ മണിക്കൂറുകൾക്കകം ബാനർ അഴിച്ചുമാറ്റി. ഡി.വൈ.എഫ്.ഐ പ്രവർത്തകർ ബാനർ മാറ്റുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ അംഗങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. പഞ്ചായത്ത് സ്ഥലത്ത് ബാനർ കെട്ടിയതാണ് അഴിച്ചത് എന്നായിരുന്നു വിശദീകരണം. എന്നാൽ പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിയുമായി ബന്ധപ്പെട്ടപ്പോൾ ഞങ്ങൾ അങ്ങനെ ഒരു കാര്യം അറിഞ്ഞിട്ടേയില്ലെന്നായിരുന്നു മറുപടി നൽകിയത്. ബാനർ അഴിച്ചതിൽ കടുത്ത പ്രതിഷേധം അറിയിക്കുകയാണ് പോരാളി പ്രവർത്തകർ.