കാഞ്ഞങ്ങാട്: യേശു ദേവന്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ സ്മരണ പുതുക്കി ക്രൈസ്തവർ ഓശാന ഞായർ ആചരിച്ചു. പള്ളികളിൽ നിന്നും വെഞ്ചരിച്ചു നൽകിയ കുരുത്തോലകളേന്തി വിശ്വാസികൾ പ്രദക്ഷിണം നടത്തി. കാഞ്ഞങ്ങാട് ഉണ്ണിമിശിഹാ ഫൊറോന പള്ളിയിലെ തിരുക്കർമ്മങ്ങൾക്ക് മോൺസിഞ്ഞോർ മാത്യു ഇളംതുരുത്തിപ്പടവിൽ, അസിസ്റ്റന്റ് വികാരി ഫാ. ആൽബിൻ ടോമി തെങ്ങുംപള്ളിൽ, ഫാ ജോർജ് പുഞ്ചയിൽ എന്നിവരും കാഞ്ഞങ്ങാട് അപ്പസ്തോല രാജ്ഞി ഫൊറോന പള്ളിയിൽ ഫാ. ജോൺസൺ നെടുംപറമ്പിൽ, തിരുഹൃദയ പള്ളിയിൽ ഫാ. ജോയൽ മുകളേൽ, മേലടുക്കം ലൂർദ്ദ് മാതാ പള്ളിയിൽ ഫാ. പീറ്റർ പാറേക്കാട്ടിൽ എന്നിവരും നേതൃത്വം നൽകി. 50 നോയമ്പിന്റെ അവസാനത്തെ ആഴ്ചയായ വലിയ ആഴ്ചയുടെ തുടക്കമാണ് ഓശാന ഞായർ. പെസഹാ വ്യാഴവും ദുഃഖവെള്ളിയും കഴിഞ്ഞുവരുന്നതാണ് ഈസ്റ്റർ.