mla
LOGO E CHANDRASHEKHARAN ML A, KV SUJATHA

കാഞ്ഞങ്ങാട്: നഗരത്തിലെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താൻ ആസൂത്രണം ചെയ്ത ഫ്ലൈ ഓവർ പദ്ധതിക്ക് വ്യാപാരികൾ ഉൾപ്പെടെയുള്ളവരിൽ നിന്നുണ്ടായ എതിർപ്പുകൾ പാടെ ഇല്ലാതായപ്പോഴാണ് സർവ്വെയുടെ പേരിൽ കിഫ്‌ബി ഉടക്കിട്ടിരിക്കുന്നത്.

2017ലെ ബഡ്‌ജറ്റിൽ 60 കോടി രൂപ സർക്കാർ വകയിരുത്തിയ പദ്ധതി തുടങ്ങാനുള്ള ഘട്ടം വന്നപ്പോഴാണ് നഗരത്തിലെ വ്യാപാരികളും മറ്റു ചിലരും എതിർപ്പുമായി രംഗത്തുവന്നത്. 60 കോടി ബഡ്‌ജറ്റിൽ വകയിരുത്തിയാൽ 300 കോടിയുടെ പദ്ധതി പ്രവൃത്തി തുടങ്ങാമെന്നിരിക്കെ ഉണ്ടായ എതിർപ്പുകൾ അന്ന് മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരൻ മുൻകൈയെടുത്താണ് ചർച്ച നടത്തി മറികടന്നത്.

കാഞ്ഞങ്ങാട് റസ്റ്റ് ഹൗസിൽ നടത്തിയ ചർച്ചയിൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കുന്നതിന് അന്നത്തെ സബ് കളക്ടർ അരുൺ കെ. വിജയിനെ ചുമതലപ്പെടുത്തിയിരുന്നു. ഇപ്പോൾ ഫ്ലൈ ഓവർ പദ്ധതി വേണമെന്ന നിലപാടിൽ എല്ലാവരും എത്തി. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി അനന്തര നടപടികളുമായി മുന്നോട്ടുപോകാൻ ആർ.ബി.ഡി.സി പ്രൊജക്റ്റ് എൻജിനീയറെയും നിയമിച്ചു. ദേശീയപാത 66ൽ ആറുവരിപ്പാത വരുന്നതോടെ ഫ്ലൈ ഓവർ ആവശ്യമില്ലെന്ന നിലപാടിലാണ് കിഫ്‌ബി ഇപ്പോഴുള്ളത്.

പിന്നോട്ടില്ല: ഇ. ചന്ദ്രശേഖരൻ

കാഞ്ഞങ്ങാട് നഗരത്തിൽ ജനങ്ങളുടെ പ്രയാസം ഇല്ലാതാക്കാൻ ഫ്ലൈ ഓവർ വേണമെന്ന നിലപാടിൽ നിന്ന് പിറകോട്ട് പോകുന്ന പ്രശ്‌നമില്ല. ഫ്ലൈ ഓവർ വേണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കും. ദേശീയപാത വീതി കൂടുന്നതോടെ കാസർകോട്, കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡിൽ വാഹന ഗതാഗതം കുറയുമെന്ന കണ്ടുപിടുത്തം അംഗീകരിക്കാനാവില്ല. കിലോമീറ്ററിൽ വലിയ അന്തരമുള്ളതിനാൽ ചന്ദ്രഗിരി റൂട്ടിൽ കൂടുതൽ വാഹനങ്ങൾ ഓടും. ഫ്ലൈ ഓവർ സ്ഥാപിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തിയിരുന്നെന്നും ഇ. ചന്ദ്രശേഖരൻ എം.എൽ.എ പറഞ്ഞു.

കൂടുതൽ പഠിക്കണം: കെ.വി സുജാത

കാഞ്ഞങ്ങാട് ടൗണിൽ ഫ്ലൈ ഓവർ സ്ഥാപിക്കുന്നത് സംബന്ധിച്ച് കിഫ്ബി ട്രാഫിക് സർവ്വെ നടത്തിയതിനെ കുറിച്ച് 'കേരള കൗമുദി' വാർത്ത കണ്ടപ്പോളാണ് അറിഞ്ഞത്. നഗരസഭയുമായി നേരിട്ട് ബന്ധമില്ലാത്തതിനാൽ ഇത്തരം വിഷയങ്ങൾ ശ്രദ്ധയിൽ വന്നിരുന്നില്ല. അധികാരത്തിൽ വരുമ്പോൾ ഫ്ലൈ ഓവർ വിഷയം ഫ്രീസ് ചെയ്തിട്ടാണ് ഉണ്ടായിരുന്നത്. അത് സംബന്ധിച്ച് കൂടുതൽ പഠിക്കണം. ജനങ്ങളുടെ യാത്രാപ്രശ്‌നവും നഗരത്തിൽ എത്തിപ്പെട്ടാലുള്ള ദുരിതവും ഒഴിവാക്കാൻ ഫ്ലൈ ഓവർ പോലുള്ള സംവിധാനം ആവശ്യമാണെന്നും കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത പറഞ്ഞു.