vote
പുതുക്കൈ സദാശിവക്ഷേത്രത്തിന്റെ കന്നി കൊട്ടാരത്തിന്റെ ചുമരിൽ എഴുതിയ തിരഞ്ഞെടുപ്പ് പ്രചരണം

നീലേശ്വരം: അമ്പത് വർഷങ്ങൾക്ക് മുമ്പ് ഒരു ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഒരുക്കിയ ചുമരെഴുത്ത് ഇന്നും മായാതെ കിടക്കുന്നു. കാഞ്ഞങ്ങാട് നഗരസഭയിൽ പുതുക്കൈ സദാശിവക്ഷേത്രത്തിന്റെ കന്നി കൊട്ടാരത്തിന്റെ ചുമരിൽ എഴുതിയ തിരഞ്ഞെടുപ്പ് പ്രചരണമാണ് വെയിലും മഴയും കൊണ്ടിട്ടും മായാതെ കിടക്കുന്നത്.

പശുവും കിടാവുംചിഹ്നത്തിൽ അന്നത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥി രാമചന്ദ്രൻ കടന്നപ്പള്ളിയെ വിജയിപ്പിക്കുക എന്ന് എഴുതിയ ചുമരെഴുത്താണ് മായാതെ കിടക്കുന്നത്. എന്നാൽ എതിർ സ്ഥാനാർത്ഥിയുടെ ചുമരെഴുത്ത് പരിസര പ്രദേശങ്ങളിൽ എവിടെയും കാണാനുമില്ല. രാമചന്ദ്രനെതിരെ സി.പി.എമ്മിലെ ഇ.കെ. നായനാരായിരുന്നു അന്ന് എതിർ സ്ഥാനാർത്ഥി. തിരഞ്ഞെടുപ്പിൽ രാമചന്ദ്രൻ കടന്നപ്പള്ളി വിജയിക്കുകയും ചെയ്തു.

അന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച കടന്നപ്പള്ളി രാമചന്ദ്രൻ ഇന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറിൽ മന്ത്രിയാണ്. അന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തിന് എഴുതിയ എഴുത്ത് ക്ഷേത്ര കന്നി കൊട്ടാരത്തിന്റെ ചുമരിൽ നിന്ന് മായ്ക്കാത്തതിനാൽ ഇതുവഴി കടന്നുപോകുന്ന വഴിയാത്രക്കാർ ചുമരെഴുത്ത് വായിച്ച് മാത്രമെ കടന്നുപോകാറുള്ളു.