മാതമംഗലം: ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര ജി.ഐ.എസ് മാപ്പിംഗ് പദ്ധതിയുടെ ഭാഗമായുള്ള ഡ്രോൺ സർവ്വേ ഇന്ന് ആരംഭിക്കും. ഡ്രോൺ, ഡി.ജി.പി.എസ്, ജി.പി.എസ്, പ്രത്യേകം രൂപപ്പെടുത്തിയ മൊബൈൽ ആപ്ളിക്കേഷൻ തുടങ്ങിയവയുടെ സഹായത്തോടെ പഞ്ചായത്ത് പരിധിയിലെ മുഴുവൻ പൊതുസ്വകാര്യ ആസ്തികളും അവയുടെ അടിസ്ഥാന വിവരങ്ങളോടെ മാപ് ചെയ്യുകയും അവ വിശകലന സൗകര്യത്തോട് കൂടിയ വെബ് പോർട്ടലിൽ അപ്ലോഡ് ചെയ്യുകവഴി ആവശ്യമായ വിവരങ്ങൾ ആവശ്യമുള്ള രീതിയിൽ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും വിരൽത്തുമ്പിൽ എത്തിക്കുകയാണ് പദ്ധതി ലക്ഷ്യം.
എരമം കുറ്റൂരിന്റെ ആകാശത്തു രണ്ടുദിവസം ഡ്രോൺ ഉണ്ടാകുമെന്നും ആരും ഇതുകൊണ്ട് ആശങ്കപ്പെടേണ്ടതില്ലെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. പദ്ധതിയുമായി മുഴുവൻ ജനങ്ങളും സഹകരിക്കണമെന്നും പദ്ധതിയുടെ ഭാഗമായുള്ള കെട്ടിട സർവ്വേയുമായി പഞ്ചായത്ത് നിയോഗിക്കുന്ന ആളുകൾ സമീപിക്കുമ്പോൾ പൂർണവും സത്യസന്ധവും കൃത്യവുമായ വിവരങ്ങൾ നൽകണമെന്നും അധികൃതർ അറിയിച്ചു.
ആധുനിക വിവര സാങ്കേതിക വിദ്യയുടെ സഹായത്താൽ നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം പഞ്ചായത്ത് പരിധിയിലെ മുഴുവൻ കെട്ടിടങ്ങളും ഫോട്ടോ ഉൾപ്പടെയുള്ള സമ്പൂർണ്ണ വിവരങ്ങൾ ഉൾപ്പെടുത്തി മാപ് ചെയ്യുന്നതോടൊപ്പം റോഡ്, പാലം, കൾവർട്ട്, ഡ്രൈനേജ്, കനാൽ, ലാൻഡ് മാർക്, തണ്ണീർത്തടങ്ങൾ, സൂക്ഷ്മതല ഭൂവിനിയോഗ മാപ്പുകൾ എന്നിവ ഒരു വെബ്‌പോർട്ടലിൽ ആവശ്യാനുസരണം സേർച്ച് ചെയ്തു പരിശോധിക്കാൻ കഴിയും. പഞ്ചായത്തിന്റെ സമഗ്ര വികസനം ശാസ്ത്രീയമായി സാദ്ധ്യമാക്കാൻ പദ്ധതി സഹായകമാകുമെന്നും കെ സ്മാർട്ട് ഉൾപ്പടെയുള്ള പദ്ധതികൾക്ക് ഇത് ഏറെ പ്രയോജനപ്രദമാണെന്നും പഞ്ചായത്ത് അറിയിച്ചു.
പൊതുജനങ്ങളുടെ സഹകരണമാണ് ഏതൊരു പദ്ധതിയുടെയും വിജയത്തിന്റെ അടിസ്ഥാനം. വീടുതോറുമുള്ള വിവര ശേഖരണ സർവേക്ക് ജനങ്ങളുടെ സഹകരണം ആവശ്യമാണ്. സത്യസന്ധവും പൂർണവുമായ വിവരങ്ങൾ നൽകുന്നതിലൂടെ ഈ പദ്ധതിയുടെ വിജയത്തിന്റെ അടിസ്ഥാന ശിലയായി മാറാൻ പൊതുജനത്തിന് സാധിക്കും.
പഞ്ചായത്ത്