ഇരിട്ടി: ബേസ്‌ബാൾ ജില്ലാതല പരിശീലനം നടക്കുന്ന മൈതാനിയിലേക്ക് കൂറ്റൻ മരം കടപുഴകി വീണ് പരിശീലനത്തിൽ ഏർപ്പെട്ട ആറ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മുപ്പതോളം വിദ്യാർത്ഥികളാണ് പരിശീലനത്തിൽ പങ്കെടുത്തിരുന്നത്. മരം കടപുഴകി വീഴുന്ന ശബ്ദംകേട്ട ഉടനെ ഇതിനു ചുവട്ടിലായി നിന്നിരുന്നവർ ഓടി മാറിയതിനാലാണ് വൻ ദുരിതം ഒഴിവായത്.
മട്ടന്നൂർ ഹൈസ്‌കൂൾ വിദ്യാർത്ഥികളായ കൗശിക്, ശ്രാവൺ, കൈലാസ്, എടൂർ ഹൈസ്‌കൂൾ വിദ്യാർത്ഥികളായ അനഘ, ആന്റൺ, അനന്യ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ അനന്യ, കൗശിക് എന്നിവരെ ഇരിട്ടിയിലെ സ്വകര്യ ആശുപത്രിയിലും മറ്റുള്ളവരെ ഇരിട്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലാത്തതിനാൽ ചികിത്സ നൽകിയശേഷം എല്ലാവരെയും വിട്ടയച്ചു.
ഞായറാഴ്ച രാവിലെ 9.30തോടെ ആയിരുന്നു അപകടം. മലയോര മേഖലയിലെ പ്രധാന സ്‌പോർട്സ് പരിശീലന സ്ഥലവും ജില്ലാ- സംസ്ഥാന തല മത്സരങ്ങളും നിരന്തരം നടക്കാറുള്ള വള്ള്യാട് വയലിലാണ് അപകടം നടന്നത്. വിശാലമായ മൈതാനിയുടെ ഇരിട്ടി എടക്കാനം റോഡ് കടന്നുപോകുന്ന ഭാഗത്ത് മൈതാനിയുടെ അരികിലായി നിന്നിരുന്ന കൂറ്റൻ മഴമരമാണ് വൻ ശബ്ദത്തോടെ കടപുഴകി വീണത്.
പടർന്ന് പന്തലിച്ചു തണൽ വിരിച്ചു കിടക്കുന്ന നാലോളം മരങ്ങൾ മൈതാനിയുടെ ഓരങ്ങളിൽ ഉണ്ട്. ഇതിൽ ഒന്നാണ് മറിഞ്ഞു വീണത്. കടപുഴകി വീണ മരത്തിന്റെ അടി ഭാഗം മുഴുവൻ ദ്രവിച്ച നിലയിലാണ്. മരത്തിനടിയിൽപ്പെട്ട സ്‌കൂട്ടർ അഗ്നിശമനസേന മരച്ചില്ലകൾ മുറിച്ചുമാറ്റിയാണ് പുറത്തെടുത്തത്. സ്‌കൂട്ടറിന് കേടുപാടുകൾ പറ്റി.
മറിഞ്ഞുവീണത് നല്ലൊരു തണൽ
മൈതാനിയിൽ മത്സരങ്ങളും പരിശീലനങ്ങളും നടക്കുമ്പോൾ മത്സരാർത്ഥികളും കാണികളും സംഘാടകരുമെല്ലാം ഈ മരത്തണലിലാണ് നിലയുറപ്പിക്കാറ്. ഇന്നലെയും ഇങ്ങനെയായിരുന്നു. അതിനടിയിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥികൾ മരം വൻ ശബ്ദത്തോടെ മറിഞ്ഞു വീഴുന്നതായി ശ്രദ്ധയിൽ പെട്ടതോടെ ഓടി മാറുകയായിരുന്നു. മരം മറിഞ്ഞു വീണ ഉടനെ അതിനടിയിൽ ആരെങ്കിലും പെട്ടിട്ടുണ്ടോ എന്നതും ആശങ്ക പടർത്തി. ഇരിട്ടി അഗ്നിശമനസേന സ്ഥലത്തെത്തി പരിശോധന നടത്തി.
ഞായറാഴ്ച കടപുഴകി വീണതുപോലുള്ള മരങ്ങൾ ഇനിയും വള്ള്യാട് വയലിനോട് ചേർന്നും വള്ള്യാട് എടക്കാനം റോഡരികിലും നിരവധിയായുണ്ട്. ഇവയിൽ അപകടകരമായവ കണ്ടെത്തി എത്രയും പെട്ടെന്ന് അധികൃതർ മുറിച്ചു മാറ്റാനുള്ള നടപടികൾ സ്വീകരിക്കണം.
വാർഡ് കൗൺസിലർ പി. രഘു