പയ്യന്നൂർ: ജനദ്രോഹ നയങ്ങൾ നടപ്പാക്കുന്നതിൽ നരേന്ദ്ര മോദിയും പിണറായി വിജയനും സർവ്വകാല റെക്കോഡാണ് നേടിയിട്ടുള്ളതെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി സൈമൺ അലക്സ് പറഞ്ഞു. യു.ഡി.എഫ്. സ്ഥാനാർത്ഥി
രാജ് മോഹൻ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഗാന്ധി മന്ദിരത്തിൽ നടന്ന പയ്യന്നൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ്സ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയ വിഷം കുത്തിവെച്ച് ജനങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ബി.ജെ.പിയുടെയും വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിട്ട് അവസരവാദ മതേതര വാദം ഉയർത്തുന്ന സി.പി.എമ്മിന്റെയും കപടമുഖങ്ങളെ ചെറുക്കുവാൻ കോൺഗ്രസ്സ് വീണ്ടും അധികാരത്തിൽ എത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് പി.വി. പ്രിയ അദ്ധ്യക്ഷത വഹിച്ചു. അത്തായി പദ്മിനി, ഇ.പി. ശ്യാമള, കെ. സിന്ധു, എം.കെ. രാജൻ, എസ്.എ. ഷുക്കൂർ ഹാജി, കെ.സി.സ്മിത, പി. ലളിത പ്രസംഗിച്ചു.