satheesh
കെ.പി സതീഷ് ചന്ദ്രൻ

കാസർകോട്: കഴിഞ്ഞ അഞ്ച്‌ വർഷത്തിനിടയിൽ കാസർകോട് മണ്ഡലത്തിനായി വികസന പദ്ധതികൾ നേടിയെടുക്കുന്നതിൽ എം.പി എന്ന നിലയിൽ രാജ്മോഹൻ ഉണ്ണിത്താന്റെ ദയനീയ പരാജയം മുൻ എം.പി പി. കരുണാകരൻ വിശദവിവരങ്ങൾ സഹിതം വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കിയിട്ടും മറുപടി പറയാതെ എം.പി ഒളിച്ചോടുകയാണെന്ന് എൽ.ഡി.എഫ് കൺവീനർ കെ.പി സതീഷ് ചന്ദ്രൻ പറഞ്ഞു.

അദ്ദേഹം എം.പി പദവിയിൽ വരുന്നതിന് മുമ്പ് അനുമതി ലഭിച്ച പദ്ധതികൾ പോലും തന്റെ നേട്ടമായി ചിത്രീകരിക്കുന്നതിന്റെ അനൗചിത്വവും കേരളത്തിന്റെയും മണ്ഡലത്തിന്റെയും പ്രശ്നങ്ങൾ പാർലിമെന്റിൽ അവതരിപ്പിക്കുന്നതിലെ പരാജയവും പി. കരുണാകരൻ ചൂണ്ടിക്കാട്ടിയിരുന്നു. മുൻ എം.പി പി. കരുണാകരന്റെ ഇടപെടലിന്റെ ഫലമായി ഭരണാനുമതിക്കുള്ള നടപടി ക്രമങ്ങൾ ദ്രുതഗതിയിൽ മുന്നോട്ട് പോയ ജില്ലയിലെ സ്വപ്ന പദ്ധതിയായ കാഞ്ഞങ്ങാട് - കാണിയൂർ റെയിൽപാതയ്ക്ക് അനുമതി നേടിയെടുക്കുന്നതിൽ കഴിഞ്ഞ അഞ്ച് വർഷമായി എം.പിക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. തറക്കല്ലിട്ട കരിന്തളം ആയുഷ് നാച്ചറോപ്പതി ആശുപത്രി നിർമ്മാണം തുടങ്ങാനായില്ല. ആർക്കും നിഷേധിക്കാനാവാത്ത വസ്തുതകളുടെ പിൻബലത്തോടെ അവതരിപ്പിക്കപ്പെട്ട കാര്യങ്ങൾ ശരിയാണെന്ന് നല്ല ബോദ്ധ്യമുള്ളതുകൊണ്ടാണ് എം.പി ഈ വിഷയത്തിൽ പ്രതികരിക്കാത്തതെന്നും സതീഷ് ചന്ദ്രൻ പറഞ്ഞു.