rally
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കണ്ണൂരിൽ സംഘടിപ്പിച്ച ബഹുജന റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണഘടനാ സംരക്ഷണ സമിതി കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിച്ച മഹാറാലി അക്ഷരാർത്ഥത്തിൽ കേന്ദ്രസർക്കാരിനുള്ള താക്കീതായി മാറി. 'പൗരത്വ ഭേദഗതി നിയമം അറബിക്കടലിൽ' എന്ന സന്ദേശമുയർത്തി നടത്തിയ റാലിയിലേക്ക് ഗ്രാമ- നഗര വ്യത്യാസമില്ലാതെ ജനം ഒഴുകിയെത്തി. എഴുത്തുകാർ, പ്രഭാഷകർ, കലാകാരന്മാർ, സാമൂഹ്യ- സാംസ്‌കാരിക സംഘടനാ പ്രവർത്തകർ, ബഹുജന സംഘടനകൾ, ജനകീയ കൂട്ടായ്മകൾ, സമസ്ത കേരള ജം ഉയ്യത്തുൽ ഉലമ (ഇ.കെ), സമസ്ത കേരള ജം ഉയ്യത്തുൽ ഉലമ (എ.പി ), നദ്‌വത്തുൽ മുജാഹിദ്ദീൻ, എം.ഇ.എസ്, ന്യൂനപക്ഷ സാംസ്‌കാരിക സമിതി, അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി, ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ തുടങ്ങി സമസ്ത മേഖലകളിലുള്ളവരും പങ്കാളികളായി.

ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലേക്കെത്തുമ്പോഴേക്കും മൈതാനം നിറഞ്ഞുകവിഞ്ഞിരുന്നു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ, പ്രൊഫ. എൻ. അലി അക്ബർ, ഡോ. ഹുസൈൻ മടവൂർ, ഒ.പി. അഷ്‌റഫ് എന്നിവർ പങ്കെടുത്തു.

പൗരാവകാശങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും: മുഖ്യമന്ത്രി

മുസ്ലിം സമുദായത്തിന്റെ പൗരാവകാശങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും സമരം ചെയ്യാൻ ഇടതുപക്ഷം സന്നദ്ധമാണെന്ന് ബഹുജന റാലി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

നമ്മുടെ രാജ്യം പൊതുവെ മതനിരപേക്ഷതയെ അംഗീകരിക്കുമ്പോൾ മത നിരപേക്ഷത ഉറപ്പുനൽകുന്ന ഭരണഘടനയെ പോലും അപഹസിക്കുന്നവരാണ് ഭരണം കൈയാളുന്നത്. ഒരു മതാധിഷ്ഠിത രാജ്യം വേണമെന്ന് ആഗ്രഹിക്കുന്നവർ അതിന് അനുസൃതമായിട്ടാണ് ഭരണം നടത്തുന്നത്. അതിന്റെ ഭാഗമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും വിവിധ തരത്തിലുള്ള ജന വിഭാഗങ്ങളെ ആക്രമിക്കുകയും നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ ദിനം പ്രതി നടന്നു കൊണ്ടിരിക്കുകയുമാണ്. എല്ലാം ഒരു അജണ്ടയുടെ ഭാഗമാണ്. ആ അജണ്ടയ്ക്ക് നേതൃത്വം നൽകുന്നത് ആർ.എസ്.എസാണ്.

രാജ്യത്ത് ജുഡീഷ്യറിയെ പോലും സ്വാതന്ത്രമായി പ്രവർത്തിക്കാൻ വിടുന്നില്ല. തങ്ങളുടെ എതിരാളികളെ ഇല്ലാതാക്കാൻ രാഷ്ട്രീയപരമായി ഇത്തരം സംവിധാനങ്ങളെ മുഴുവനായി ഉപയോഗപ്പെടുത്തുകായാണ് ബി.ജെ.പി സർക്കാർ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് ഇതിന്റെ അവസാനത്തെ ഉദാഹരണമാണ്. ഇലക്ടറൽ ബോണ്ട്‌ എന്ന രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയുടെ വാർത്തകളിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനാണ് കെജ്‌രിവാളിന്റെ അറസ്റ്റ്. മുസ്ലിം കുടിയേറ്റക്കാരെ ഇന്ത്യയിൽ നിന്ന് ഒഴിവാക്കാനുള്ള തന്ത്രമാണ് നിയമ ഭേദഗതി കൊണ്ടു വരുന്നതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.