
കാസർകോട്:യാതൊരുവിധ സുരക്ഷാ നടപടിയും സ്വീകരിക്കാതെയും നിയമവ്യവസ്ഥ പാലിക്കാതെയും സർവ്വീസ് നടത്തുന്ന ടിപ്പർ ലോറികളുടെ സർവീസ് നിർത്താൻ അധികൃതർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് (ബി) കാസർകോട് ജില്ലാ പ്രവർത്തക യോഗം ആവശ്യപ്പെട്ടു.അധികൃതർ ഏർപ്പെടുത്തിയ സമയക്ലിപ്തത പാലിക്കാതെയും അമിതഭാരം കയറ്റിയും ക്വാറി പൊടി ഉൾപ്പെടെ തുറന്ന വാഹനത്തിൽ കൊണ്ടുപോകുന്നതും അമിത വേഗതയും അപകടത്തിന് കാരണമായിട്ടും നടപടിയെടുക്കാൻ അധികൃതർ മടിക്കുകയാണെന്ന് യോഗം വിലയിരുത്തി. ഇത് സംബന്ധിച്ച് ഗതാഗത മന്ത്രിക്കും ആർ.ടി.ഒയ്ക്കും പരാതി നൽകാൻ തീരുമാനിച്ചു.യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി.ടി.നന്ദകുമാർ, ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്ത്,രാജീവൻ പുതുക്കളം,വിജീഷ് ,സന്തോഷ് മാവുങ്കാൽ,ഷാജി പൂങ്കാവനം, സിദ്ദീഖ് കൊടിയമ്മ, എൻ.വിട്ടൽദാസ് , അഗസ്ത്യൻ നടക്കൽ, ഇ.വേണുഗോപാലൻ നായർ, എ.വിപ്രസാദ് , വി.വിരമേശൻ എന്നിവർ പ്രസംഗിച്ചു.