prakas

മലയാള കഥയുടെ നവോന്മേഷ കാലത്ത്,​ എഴുപതുകളിലും എൺപതുകളിലും നിറഞ്ഞെഴുതിയ കഥാകാരനാണ് ടി.എൻ. പ്രകാശ്. അതിനു തൊട്ടുമുമ്പ് ആധുനികകഥകൾ എന്ന പേരിൽ പ്രത്യക്ഷപ്പെട്ട കഥകളിൽ നിന്നു മാറി,​ എഴുത്തുകൾ കൂടുതൽ പാരായണക്ഷമമായി. ടി.എൻ. പ്രകാശിനൊപ്പം സി.വി. ശ്രീരാമൻ, വൈശാഖൻ, മുണ്ടൂർ കൃഷ്ണൻകുട്ടി, യു.കെ. കുമാരൻ, അഷ്ടമൂർത്തി, അക്ബർ കക്കട്ടിൽ തുടങ്ങിയവ‍ർ ആ മാറ്റത്തിന്റെ പതാകാ വാഹകരായിരുന്നു. കഥയ്ക്ക് നഷ്ടപ്പെട്ടുപോയ വായനക്കാരെ തിരികെ കൊണ്ടുവരാൻ ഒരു പരിധി വരെ അവർക്ക് കഴിയുകയും ചെയ്തിരുന്നു.

നാട്ടു നന്മ പ്രസരിക്കുന്ന കഥകളാണ് ടി.എൻ. പ്രകാശ് എഴുതിയതിൽ കൂടുതലും. മാനുഷിക ഭാവങ്ങളുടെ സങ്കീർണതകളും കാലുഷ്യങ്ങളും പ്രത്യാശ പുലർത്തുന്ന നന്മകളും സാരള്യം തുളുമ്പിയ ഭാഷയിൽ പ്രകാശ് പകർത്തിവച്ചു. താപം,​ വളപട്ടണം പാലം, ദശാവതാരം, ചീഞ്ഞ ജമന്തിപ്പൂക്കളുടെ ഗന്ധം, ഇന്ത്യയുടെ ഭൂപടം, വാഴയില, ബ്ലാക് ബോയ്‌സ്.... ഇങ്ങനെ ജീവിതഗന്ധിയായ നിരവധി കഥകൾ. നക്ഷത്രവിളക്കുകൾ, വാൻക , ഈസ്റ്ററിന്റെ തലേരാത്രി തുടങ്ങിയ ബാലസാഹിത്യകൃതികൾ ഭാഷയുടെ ലാളിത്യം വിളിച്ചോതി. വിധവകളുടെ വീട്, സമനില, കൈകേയി, തണൽ, തൊട്ടാൽ പൊള്ളുന്ന സത്യങ്ങൾ തുടങ്ങിയവയാണ് നോവലുകൾ. ടി.എൻ. പ്രകാശിന്റെ അക്ഷരയാത്ര കൂടുതലും സാധാരണക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ടായിരുന്നു. നാട്ടിലെ സംഭവങ്ങളിൽ നിന്നുതന്നെയാണ് കഥയ്ക്കുള്ള വിഷയങ്ങൾ കണ്ടെത്തിയതും.

കൈകേയി എന്ന നോവലാണ് ഏറെ ചർച്ച ചെയ്യപ്പെട്ട കൃതികളിലൊന്ന്. പുരാണത്തിലെ കൈകേയിയുടെ മനോവ്യാപാരങ്ങൾ സ്ത്രീപക്ഷ ചിന്തയോടെ അവതരിപ്പിക്കുന്ന നോവലാണിത്. ക്രൂരരെന്ന് നമ്മൾ കരുതിയ പലരിലും മനസ്സിലാക്കപ്പെടാത്ത സത്യങ്ങളും അവരുടേതായ ശരികളുമുണ്ടാകും കൈകേയിയും ഒരു തരത്തിൽ കാലത്തിന്റെ ശരിയാണെന്ന് നോവൽ സമർത്ഥിക്കുന്നു.


പരിചയക്കാരോട് തുടർന്നുപോന്ന സൗഹൃദമായിരുന്നു എന്നും ടി.എൻ. പ്രകാശിന്റ കരുത്ത്. സൗഹൃദ കൂട്ടുകെട്ടുകളിൽ അദ്ദേഹം നിറഞ്ഞുനിന്നു. എഴുതുന്ന കഥകൾ പോലതന്നെ മനോഹരമായി സംസാരിക്കാനും അദ്ദേഹത്തിനു സാധിച്ചിരുന്നു. കണ്ണൂരിലെ പരിചയക്കാരും നേതാക്കളും ചില കഥകളിൽ വിഷയമായി. മസ്തിഷ്‌കാഘാതത്തെ തുടർന്ന് കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പ്രകാശ് എഴുത്തിന്റെ ലോകത്തുണ്ടായിരുന്നില്ല. ഓർമ്മ തിരിച്ചുകിട്ടിയ ശേഷം വായനയുടെ ലോകത്തും സൗഹൃദത്തിലും സജീവമായി. സംസാരശേഷി ഭാഗികമായി മാത്രമേ തിരിച്ചുകിട്ടിയിരുന്നുള്ളൂ.

വീണ്ടും എഴുത്തിലേക്ക് മടങ്ങിവരണമെന്ന് തീവമായ ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. ഹൃദയത്തിൽ നിന്ന് വാക്കുകൾ മെല്ലെ പെറുക്കിയെടുത്ത് സൗഹൃദ സന്ദർശകരോട് പ്രകാശ് പറയുമായിരുന്നു: ഒരുപാട് എഴുതാനുണ്ട്! ആയാസത്തോടെ സംസാരിക്കുമ്പോൾ എഴുതാൻ ആഗ്രഹിക്കുന്ന ആ വിരലുകൾ വിറകൊള്ളാറുണ്ടായിരുന്നു. 2021 ഫെബ്രുവരി ലക്കം ഗ്രന്ഥലോകത്തിൽ കുറുമാടി എന്ന കഥയെഴുതി തിരിച്ചുവരവു നടത്തി. ഭാര്യയാണ് കേട്ടെഴുതിയത്.


കണ്ണൂർ വലിയന്നൂരിൽ 1955 ഒക്‌ടോബർ ഏഴിനായിരുന്നു ജനനം. കണ്ണൂർ എസ്.എൻ. കോളജ്, തിരുവല്ല ടീച്ചേഴ്‌സ് ട്രെയിനിങ് കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. പള്ളിക്കുന്ന് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഗണിതശാസ്ത്ര അദ്ധാപകനായും കണ്ണൂർ സൗത്ത് എ. ഇ.ഒ, തലശ്ശേരി ഡി.ഇ.ഒ. എന്നീ നിലകളിലും ഉദ്യോഗം,​