
കാസർകോട് :ലോക് സഭാ തിരരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് സംശയങ്ങളും പരാതികളും അറിയിക്കുന്നതിന് ജില്ലാ കളക്ടറേറ്റിൽ സജ്ജീകരിച്ച കൺട്രോൾ റൂം സർവസജ്ജം. ഇതുവരെ ലഭിച്ച 63 പരാതികളിൽ രണ്ടെണ്ണത്തിലൊഴികെ നടപടി സ്വീകരിച്ചു.
സി വിജിൽ മൊബൈൽ ആപ്ലിക്കേഷൻ മുഖേന 59 പരാതികളും1950 എന്ന ടോൾഫ്രീ നമ്പർ മുഖേന നാല് പരാതികളുമാണ് ലഭിച്ചത്. 61 പരാതികളിൽ നടപടി സ്വീകരിച്ചു. രണ്ടു പരാതികൾ കഴമ്പില്ലാത്തവയാണെന്ന് കണ്ടെത്തി. ചുമരെഴുത്ത്, സർക്കാർ സ്ഥലങ്ങളിൽ അനധികൃത പ്രചാരണ പോസ്റ്റർ പതിക്കൽ, ഫ്‌ളെക്സുകൾ എന്നിവയ്‌ക്കെതിരെയുള്ള പരാതികളാണ് കൂടുതലായി ലഭിച്ചത്.
ഇതിന് പുറമെ 56 സംശയനിവാരണ ഫോൺ കോളുകളും വന്നു. ഐഡി കാർഡ്, വോട്ടർ പട്ടിക സംബന്ധിച്ചുള്ള സംശയനിവാരണ കോളുകളാണ് കൂടുതലായി വന്നത്. സിവിജിൽ മൊബൈൽ ആപ്ലിക്കേഷൻ മുഖേന തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്നും 34 പരാതികളും കാസർകോടിൽ നിന്നും പത്തും, ഉദുമയിൽ നിന്നും അഞ്ചു പരാതികളും കാഞ്ഞങ്ങാട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ നിന്നും നാല് പരാതി വീതമാണ് ലഭിച്ചത്. ടോൾഫ്രീ നമ്പർ മുഖേന കാഞ്ഞങ്ങാട് മണ്ഡലത്തിൽ നിന്ന് മൂന്നും കാസർകോട് മണ്ഡലത്തിൽ നിന്നും ഒരു പരാതി ലഭിച്ചു.
പഞ്ചായത്ത് അസി.സെക്രട്ടറിക്കും വൈസ് പ്രസിഡന്റിനും നോട്ടീസ്
മാതൃകാ പെരുമാറ്റചട്ട ലംഘിച്ചുവെന്ന ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ കൺട്രോൾ റൂമിൽ ലഭിച്ച പരാതിയെ തുടർന്ന് കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയ്ക്കും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന കുമാരി, ആറാം വാർഡ് മ്പെർ അരവിന്ദാക്ഷൻ എന്നിവർക്ക് എ.ഡി.എമ്മും എം.സി.സി നോഡൽ ഓഫീസറുമായ കെ.വി.ശ്രുതി നോട്ടീസ് അയച്ചു.
പരാതി നൽകാം 24മണിക്കൂറും
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികൾ, സംശയങ്ങൾ എന്നിവയ്ക്ക് കൺട്രോൾ റൂം മുഖേന മറുപടി ലഭിക്കും. കൺട്രോൾ റൂം പ്രവർത്തനം 24 മണിക്കൂറും സജ്ജമാണ്.
ടോൾഫ്രീ നമ്പർ 1950