abdullakkutti

ലീഡേഴ്സ് വോയ്സ്


ബോവിക്കാനം: ലോകസഭ തിരഞ്ഞെടുപ്പോടെ ദേശീയ പാർട്ടി അംഗീകാരം നഷ്ടപ്പെടുന്ന സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തളിപ്പറമ്പിലും മുഖ്യമന്ത്രിയുടെ മരുമകൻ മുഹമ്മദ് റിയാസ് ബേപ്പൂരിലും ഈനാംപേച്ചി ചിഹ്നത്തിൽ വോട്ട് ചോദിക്കേണ്ടി വരുമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളകുട്ടി. എൻ.ഡി.എ ഉദുമ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ രണ്ടക്ക നമ്പറിൽ എൻ.ഡി.എ ജയിച്ച് വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവർത്തിച്ച് പറഞ്ഞതിന് പിന്നാലെയാണ് ഇന്റലിജൻസിന്റെയും ചാനൽ സർവ്വേയും പുറത്ത് വന്നിട്ടുള്ളത്.ബംഗാളിലേത് പോലെ കേരളത്തിലും സി പി.എമ്മിന് വട്ടപൂജ്യമാണ് ലഭിക്കാൻ പോകുന്നത്. കേജിരിവാൾ ജയിലിലായത് പോലെ കരിവന്നൂർ, സ്വർണകള്ളകടത്ത്, മാസപ്പടി കേസുകളിൽ കേരളത്തിലെ പ്രധാനപ്പെട്ട പലരും ജയിലാകുന്ന കാഴ്ചയാണ് കാണാൻ പോകുന്നത്. രാഹുൽഗാന്ധി കഴിഞ്ഞ തവണ അമേഠിയിൽ നിന്ന് വയനാട്ടിലേക്ക് അഭയം തേടേണ്ടി വന്നെങ്കിൽ തെരെഞ്ഞെടുപ്പ് കഴിയുന്നതോടെ ഇറ്റലിയിലേക്ക് പലായനം ചെയ്യേണ്ടിവരും.ഭാരതത്തിൽ സത്രീ സംവരണത്തിന്റെ വക്താവ് സോണിയാഗാന്ധിയെന്നാണ് രാജ്‌മോഹൻ ഉണ്ണിത്താനെപോലെയുള്ള കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നത്. കേരളത്തിൽ എൻ.ഡി.എ അഞ്ച് സ്ത്രീകളെ സ്ഥാനാർത്ഥികളാക്കിയപ്പോൾ കോൺഗ്രസിന് ഒരു സ്ഥാനാർത്ഥി മാത്രമാണ് . സ്ത്രീ വിരുദ്ധ നിലപാടിനെതിരായി കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ ജനങ്ങൾ വിധിയെഴുതുന്നതിലൂടെ കോൺഗ്രസിന്റെ കരണകുറ്റിക്ക് എൽക്കുന്ന പ്രഹരമായി മാറുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ കൊല്ലത്തേക്ക് വണ്ടി കയറേണ്ടിവരുമെന്നും അബ്ദുള്ളകുട്ടി പറഞ്ഞു.ഉദുമ മണ്ഡലം പ്രസിഡന്റ് കെ.ടി.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം പ്രമീള.സി.നായക്, സംസ്ഥാന സെക്രട്ടറി.കെ.രഞ്ജിത്ത് തുടങ്ങിയവർ സംബന്ധിച്ചു. മുളിയാർ മണ്ഡലം ജന.സെക്രട്ടറി ജയകുമാർ മാനടുക്കം സ്വാഗതവും ഉദുമ മണ്ഡലം ജന.സെക്രട്ടറി ടി.വി.സരേഷ് നന്ദിയും പറഞ്ഞു.