
കണ്ണൂർ:കോളേജുകളും സ്‌കൂളുകളും കേന്ദ്രീകരിച്ചായിരുന്നു കണ്ണൂർ പാർലിമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി.ജയരാജന്റെ സന്ദർശനം. കണ്ണൂർ മണ്ഡലത്തിലെ കാഞ്ഞിരോട് നെഹ്റു കോളേജ്, മുണ്ടേരി ഹയർസെക്കൻഡറി സ്‌കൂൾ, വാരം യു.പി സ്‌കൂൾ, മലബാർ ബി.എഡ് കോളേജ് ചക്കരക്കല്ല് എന്നിവിടങ്ങളിലാണ് സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിച്ചെത്തിയത്.
കണ്ണൂർ നഗരത്തിലെ മാദ്ധ്യമ സ്ഥാപനങ്ങളിലും സ്ഥാനാർത്ഥി എത്തി . അന്തരിച്ച ചെറുകഥാകൃത്ത് ടി.എൻ. പ്രകാശിന്റെ വീട്ടിലും അകാലത്തിൽ നിര്യാതനായ എൻ.ജി.ഒ യൂണിയൻ പ്രവർത്തകൻ മാച്ചേരിയിലെ അഭിലാഷിന്റെ വീട്ടിലും എത്തി അന്ത്യാപചാരം അർപ്പിച്ചു. രാത്രി ഇഫ്താർ സംഗമത്തിലും പങ്കെടുത്തു. എൽ.ഡി.എ ഫ് നേതാക്കളായ എൻ.ചന്ദ്രൻ, പി.ചന്ദ്രൻ, കെ.ബാബുരാജ് എന്നിവരും കൂടെയുണ്ടായിരുന്നു. ഇന്ന് രാവിലെ പത്ത് മുതൽ സാധു കല്ല്യാണ മണ്ഡവത്തിൽ നടക്കുന്ന വിഷൻ കോൺക്ലേവിലും ഉച്ചകഴിഞ്ഞ് ഇരിക്കൂർ മണ്ഡലത്തിലും ജയരാജൻ പര്യടനം നടത്തും.