
കണ്ണൂർ:പോസ്റ്ററുകളും ബാനറുകളും ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണരീതിയിൽ നിന്ന് മുന്നണികൾ മാറുന്നു.അതിരില്ലാത്ത ഇടവും കുറഞ്ഞ ചിലവും വ്യാപ്തിയും കണക്കിലെടുത്ത് സോഷ്യൽമീഡിയ തന്നെയാണ് ഇക്കുറി പ്രചാരണത്തിനായി കൂടുതലായും ആശ്രയിക്കുന്നത്.
ഗ്രാമനഗര വ്യത്യാസമില്ലാതെ ബാനറുകളും പോസ്റ്ററുകളും നിരക്കുന്ന കാഴ്ച ഇപ്പോൾ വിരളമാണ്. ചെറിയ ബോർഡുകളാണ് അത്യാവശ്യം ഉപയോഗിക്കുന്നത്. സോഷ്യൽ മീഡിയ പ്രചാരണമാണ് ട്രന്റ്. സ്ഥാനാർത്ഥികളുടെ പര്യടനത്തിനിടയിലുള്ള ഫോട്ടോകളും ചെറു വീഡിയോകളും അതിനൊപ്പം പാട്ടുകളുമെല്ലാം ചേർത്താണ് സോഷ്യൽ മീഡിയയിൽ പ്രചരണം.
ന്യൂജൻ വോട്ടർമാരിലേക്ക് ഇതാണ് എളുപ്പം
ന്യൂജെൻ വോട്ടർമാരിലേക്കടക്കം ശക്തമായ പ്രചരണം എത്തിക്കാനാകുമെന്നതാണ് സോഷ്യൽമീഡിയയെ സജ്ജമാക്കുന്നതിന് പിന്നിൽ. ഗ്രൂപ്പുകളിലൂടെയും പേജുകളിലൂടെയുമെല്ലാമാണ് വോട്ടർമാരുടെ മുന്നിലേക്ക് സ്ഥാനാർത്ഥികൾ എത്തുന്നത്.നിരന്തരം പുതുമ പരീക്ഷിക്കുന്ന ഇത്തരം വീഡിയോകളും ഫോട്ടോകളുമെല്ലാം വാട്സ് ആപ്പിൽ സ്റ്റാറ്റസ് ആക്കിയും പോസ്റ്ര് ചെയ്തും അണികൾ വലിയ തോതിൽ പ്രചാരണത്തിൽ ഇക്കുറി പങ്കാളികളാകുന്നു.
ആരും നീക്കില്ല,
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളിലോ, ഇലക്ട്രിക് പോസ്റ്റ് പോലുള്ളവയിൽ ഫ്ലക്സ് ബോർഡുകളോ പ്രചാരണ ബോർഡുകളോ സ്ഥാപിക്കാൻ പാടില്ല. ഇത്തരം പോസ്റ്ററുകൾ കഴിഞ്ഞ ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച ഉദ്യോഗസ്ഥർ നീക്കിയിരുന്നു.സോഷ്യൽ മീഡിയ ആകുമ്പോൾ ഇത്തരം നടപടികളെ ഭയക്കേണ്ടതില്ലെന്നതും ഗുണകരമാണ്.
ഇവിടെ ഹരിതചട്ടമില്ല
ഹരിതചട്ടങ്ങൾ പാലിച്ച് നടത്താനും തിരഞ്ഞെടുപ്പ് പ്രചാരണം പരിസ്ഥിതി സൗഹൃദമാക്കാനും സംസ്ഥാന ശുചിത്വമിഷന്റെ മാർഗനിർദേശവും സ്ഥാനാർത്ഥികൾക്ക് മുന്നിലുണ്ട്. പരസ്യ പ്രചാരണ ബാനറുകൾ, ബോർഡുകൾ, ഹോർഡിംഗുകൾ തുടങ്ങിയവയ്ക്ക് പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്‌ളെക്സ്, പോളിസ്റ്റർ, നൈലോൺ, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ ഉപയോഗിക്കാൻ പാടില്ല.സർക്കാർ നിർദേശിച്ചതും 100 ശതമാനം കോട്ടൺ,പ്ലാസ്റ്റിക് ഇല്ലാത്ത പേപ്പർ, റീസൈക്കിൾ ചെയ്യാവുന്ന പോളി എത്തിലിൻ എന്നിവയിൽ പി.വി.സി ഫ്രീ റീസൈക്ലബിൾ ലോഗോയും യൂണിറ്റിന്റെ പേരും നമ്പറും മലീനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റ് നമ്പർ, ക്യൂ.ആർ കോഡ് എന്നിവ പതിച്ചു മാത്രമേ ഉപയോഗിക്കാനാകു. സർക്കാർ നിർദേശിച്ച കോട്ടൺ, പോളി എത്തിലിൻ എന്നിവ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ മലിനീകരണ നിയന്ത്രണ ബോർഡ് മുഖേന സാമ്പിളുകൾ സമർപ്പിക്കണം. കോട്ടൺ വസ്തുക്കൾ കേന്ദ്ര സർക്കാർ സ്ഥാപനമായ ടെക്സ്‌റ്റൈൽ കമ്മിറ്റിയിൽ നിന്നും ടെസ്റ്റ് ചെയ്ത് 100 ശതമാനം കോട്ടൺ എന്ന് സാക്ഷ്യപ്പെടുത്തുകയും വേണം.
കീറില്ല,വലിക്കില്ല,സേഫാണ് സോഷ്യൽ മീഡിയ
മുന്നണികൾ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ കഴിഞ്ഞ ദിസങ്ങളിൽ പലയിടങ്ങളിലും നശിപ്പിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്.കുറ്റ്യാട്ടൂർ വടുവൻകുളത്ത് കെ.സുധാകരന്റെ പ്രചരണ ബോർഡ് തീ വെച്ച് നശിപ്പിച്ചെന്നതായിരുന്നു ആരോപണം. പണം ചിലവഴിച്ച് സ്ഥാപിക്കുന്ന ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കപ്പെട്ടാൽ വലിയ നഷ്ടമാണ് സ്ഥാനാർത്ഥികൾക്ക്. അൽപ്പം പണം ചലവാക്കി പ്രചരണം കൊഴുപ്പിച്ചാൽ ഈ തലവേദന ഒഴിവാക്കാമെന്നതും സോഷ്യൽ മീഡിയയെ മുഖ്യപ്രചാരണമാദ്ധ്യമാക്കിതീർക്കുകയാണ്.