logo
LOGO

കാസർകോട്: വടക്കൻ കേരളത്തിന്റെ വ്യവസായിക, വാണിജ്യ , വികസന രംഗത്ത് ഏറെ മാറ്റമുണ്ടാകുന്ന നിർദ്ദിഷ്‌ട കാഞ്ഞങ്ങാട്-കാണിയൂർ റെയിൽപാതക്ക് തടസമായി കർണ്ണാടക പറഞ്ഞ വനമേഖലയെന്ന വാദം പൊള്ള. സർവ്വെ നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കിയ കർണ്ണാടകയിലെ 51 കിലോമീറ്റർ ദൂരത്തിൽ എവിടെയും നിബിഡ വനങ്ങൾ ഇല്ലെന്നാണ് വിദഗ്ദ്ധാഭിപ്രായം.

പാണത്തൂർ കഴിഞ്ഞാൽ വരുന്ന കേരള -കർണ്ണാടക അതിർത്തി പ്രദേശത്ത് സാധാരണയുള്ള കാടുകൾ മാത്രമാണുള്ളത്. വനമേഖലയുടെ അരികിലൂടെ സംസ്ഥാന പാത കടന്നുപോകുന്നുണ്ട്. പാണത്തൂരിൽ നിന്ന് സുള്ള്യയിലേക്കും മടിക്കേരിയിലേക്കും അന്തർസംസ്ഥാന പാത കർണ്ണാടക ചൂണ്ടിക്കാണിക്കുന്ന ഈ നിബിഡ വനത്തിന് അരികിലൂടെ തന്നെയാണ്. പുത്തൂർ-സുള്ള്യ റോഡ് കടന്നുപോകുന്നതിന് സമാന്തരമായാണ് കാഞ്ഞങ്ങാട് -കാണിയൂർ പാതയ്ക്കായി നിർദ്ദേശിച്ചത്. എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി റെയിൽവേ ഉദ്യോഗസ്ഥർ എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നാല് തവണ സർവ്വെ നടത്തി. ഡ്രോൺ സർവ്വേയും നടത്തി. ഇതിലൊന്നും വനമേഖല ചൂണ്ടിക്കാണിച്ചിട്ടില്ല.

ഗുണഭോക്താക്കൾ മുഴുവനായും കേരളമാണെന്നും തങ്ങളുടെ ഭാഗത്തെ വനമേഖലയ്ക്ക് ദോഷം ചെയ്യുമെന്നും കർണ്ണാടക ജനപ്രതിനിധികളടക്കം ആരോപിച്ചതാണ് പദ്ധതിയെ പിറകോട്ടടിപ്പിച്ചത്. കേരളം പദ്ധതിക്ക് സമ്മതപത്രം നൽകിയിട്ടും കർണ്ണാടക മനഃപൂർവ്വം പദ്ധതിയിൽ നിന്ന് പിറകോട്ടുപോകുകയായിരുന്നു.

കാണിയൂർ പാത യാഥാർത്ഥ്യമാക്കുന്നതിന് കഴിഞ്ഞ അഞ്ചു വർഷവും രാജ് മോഹൻ ഉണ്ണിത്താൻ എം.പി ചെറുവിരൽ പോലും അനക്കിയിട്ടില്ല. കർണ്ണാടക സർക്കാരിന്റെ വാദഗതിക്കൊപ്പം നിൽക്കുകയാണ് എം.പി ചെയ്തത്. കേരള സർക്കാർ സമ്മതപത്രം നൽകിയിട്ടില്ലെന്ന തെറ്റിദ്ധാരണ പരത്തുകയാണ് ഉണ്ണിത്താൻ ചെയ്യുന്നത്.

പി.കരുണാകരൻ (മുൻ കാസർകോട് എം.പി)

തലശ്ശേരി-മൈസൂരു റെയിൽപാതയുടെ കാര്യത്തിലും ഇത്തരം തടസ്സവാദങ്ങൾ ഉയർന്നിരുന്നു. സർവ്വേ പോലും തടസപ്പെടുത്തുന്ന സ്ഥിതിയുണ്ടായി. ഒടുവിൽ എരിയൽ സർവ്വേ നടത്തുകയായിരുന്നു. പദ്ധതിക്ക് വേണ്ടിയുള്ള ജനകീയ സമിതി കർണ്ണാടകത്തിലെ മന്ത്രിമാരെയും മലയാളിയായ സ്പീക്കർ യു.ടി.ഖാദറെയും കണ്ടിരുന്നു.

ഡോ. ജോസ് കൊച്ചിക്കുന്നേൽ