
കണ്ണൂർ: തിരഞ്ഞെടുപ്പ് പോരാട്ടച്ചൂടിൽ തന്ത്രവും മറുതന്ത്രവുമായി മുന്നണികളുടെ വാർ റൂമുകൾ. കൂട്ടത്തിൽ സൈബർ വാർ റൂമുകളാണ് കൂടുതൽ ആക്രമണോത്സുകമായ ആയുധങ്ങൾ സജ്ജമാക്കുന്നത്. കണ്ണൂരിൽ മൂന്നു മുന്നണികൾക്കു വേണ്ടിയും സുശക്തമായ വാർ റൂമുകളുണ്ട്. നവ മാദ്ധ്യമ രംഗത്ത് സജീവമായവരും സാങ്കേതിക വിദഗ്ധരും ഉൾപ്പെടുന്നതാണ് ഈ സൈബർ വാർ റൂമുകൾ.
ഓരോ മുന്നണിയുടെയും സൈബർ വാർ റൂം മണ്ഡലം തലത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. പാർട്ടി നേതാക്കൾക്ക് തന്നെയാണ് സൈബർ വാർറൂമിന്റെ നിരീക്ഷണ ചുമതല. സൈബർ ടീമുകൾ തയാറാക്കുന്ന ആശയങ്ങൾ പ്രത്യേക സംഘങ്ങൾ വഴി വോട്ടർമാരിലേക്കെത്തുകയാണ് വാർ റൂമുകളുടെ ലഷ്യം. നേതാക്കളുടെ നിർദേശങ്ങൾ ഉൾക്കൊള്ളിച്ച് വ്യക്തമായ പ്ലാനിംഗോടെ തയാറാക്കുന്ന ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള മാർഗങ്ങളാണ് സൈബർ വാർ റൂമുകളിൽ ഒരുങ്ങുന്നത്.
വാർ റൂം ചുമതല
പ്രത്യേകം ചുമതലപ്പെടുത്തിയ പ്രവർത്തകർ എത്തിക്കുന്ന ആശയങ്ങൾ ശേഖരിക്കും.
തയ്യാറാക്കിയ പ്രചാരണ ആശയങ്ങൾ സൈബർ പോരാളികളെ നിരത്തി സമൂഹ മാധ്യമങ്ങളിലേക്ക്.
 ഫേസ്ബുക്ക്, വാട്സ് അപ് കൂട്ടായ്മ അടക്കം സോഷ്യൽമീഡിയ സജീവമാക്കൽ,
എതിർ സ്ഥാനാർത്ഥിയുടെ ആശയങ്ങൾക്കെതിരെ ട്രോളുകൾ ഒരുക്കുക ,
മറുവാദങ്ങളുമായി എതിരാളികളുടെ പ്രചാരണത്തിന്റെ മുനയൊടിക്കുക
കൊവിഡ് കാലം നൽകിയ പാഠം
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് മാനദണ്ഡങ്ങൾ കാരണം വീടുകൾ കയറി വോട്ട് ചോദിക്കുന്നതിനും, പ്രചാരണത്തിനും നിയന്ത്രണമുണ്ടായതോടെയാണ് വോട്ടർമാരെ സാമൂഹ മാദ്ധ്യമങ്ങളിലൂടെ ആകർഷിക്കാനുള്ള തന്ത്രങ്ങൾ രാഷ്ട്രീയ പാർട്ടികൾ ആവിഷ്‌കരിച്ചത്.സമൂഹമാദ്ധ്യമങ്ങളായ വാട്സ്ആപ്പും ഫേസ്ബുക്കും പാർട്ടികളുടെ മുഖ്യപ്രചാരണ ഉപാധികളായി മാറി.
ഭരണവിരുദ്ധവികാരം യു.ഡി.എഫ് ലക്ഷ്യം
വിവിധ വീഴ്ചകൾ ചൂണ്ടിക്കാട്ടി കേന്ദ്ര,സംസ്ഥാന സർക്കാരുകൾക്കെതിരെ ജനവികാരമുണർത്തുന്നതിനുള്ള പരിശ്രമമാണ് യു.ഡി.എഫ് വാർ റൂമുകളിൽ നിന്നുണ്ടാകുന്നത്. ഇതിനൊപ്പം
സ്ഥാനാർത്ഥി കെ.സുധാകരന്റെ ദൈനം ദിന പ്രചരണം, ജനാഭിപ്രായം, എതിരാളികൾക്കുള്ള മറുപടി. സംസ്ഥാന കേന്ദ്ര ഭരണങ്ങൾക്കെതിരേയുള്ള വിമർശനം, ട്രോളുകൾ എന്നിവയാണ് പ്രധാന കണ്ടന്റുകൾ.
വിവാദങ്ങളെ ഓർമ്മിപ്പിച്ച് എൽ.ഡി.എഫ്.
കെ.സുധാകരന്റെ വിവാദപ്രസംഗങ്ങളെ എടുത്തുകാട്ടിയും വിവിധ മാദ്ധ്യമങ്ങളൂടെ പ്രീ പോൾ സർവേ എടുത്തുപറഞ്ഞും ബി.ജെ.പിയിലേക്ക് പോകേണ്ടിവന്നാൽ പോകുമെന്ന പ്രസ്താവനയുമെല്ലാം തരാതരത്തിന് ഇടതുസൈബർവിംഗ് എടുത്തുപയോഗിക്കുന്നുണ്ട്. ചില പഴയ വിവാദപ്രസംഗങ്ങളും കുത്തിപ്പൊക്കുന്നുണ്ട്.ഒരുകാലത്ത് വിശ്വസ്തനായ സി.രഘുനാഥിനെപ്പോലെ സുധാകരനും തെരഞ്ഞെടുപ്പു കഴിഞ്ഞാൽ ബി.ജെ.പിയിലേക്ക് ചേരുമെന്നും ഇടതുപോരാളികൾ പ്രചരിപ്പിക്കുന്നുണ്ട്.
മോദി ഇഫക്ട് വോട്ടാക്കാൻ എൻ.ഡി.എ
റീലുകളും വീഡിയോകളുമായി ആവേശത്തിലാണ് എൻ.ഡി.എ.സൈബർ വാർ റൂം. നമോ കോപ സീസൺ 1 എന്ന പേരിൽ ഫുട്‌ബോൾ ടൂർണമെന്റുകൾ നടത്തിയും മോദി ഇഫക്ട് സൂചിപ്പിക്കുന്ന വീഡിയോകൾ പോസ്റ്റു ചെയ്തും ദേശീയ തലത്തിലെ മുന്നണിയുടെ മുന്നേറ്റം ചൂണ്ടിക്കാട്ടിയുമാണ് പ്രചരണം.