balagopal

കണ്ണൂർ: ഏകദേശം മുപ്പതുലക്ഷത്തോളം രൂപ മുടക്കി കേരളം വിദ്യാഭ്യാസം നൽകി പ്രാപ്തരാക്കുന്ന ചെറുപ്പക്കാർ അതിനനുസൃതമായ ജോലിക്കായി വിദേശത്തെ ആശ്രയിക്കുന്ന പ്രവണത പ്രശ്നമാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. എൽ.ഡിഎഫ് കണ്ണൂർ പാർലമെന്റ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വിഷൻ കോൺക്ലേവ് നമ്മുടെ കണ്ണൂർ വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗൾഫിലേക്ക് ആളുകൾ പോകുന്നതുപോലെയല്ല യൂറോപ്പിലും അമേരിക്കയിലും ചെറുപ്പക്കാർ ചേക്കേറുന്നത്. ഗൾഫിൽ പോകുന്നവരുടെ പണം ഇവിടേക്ക് എത്തും.വർഷങ്ങൾ കഴിയുമ്പോൾ പോയവരും തിരികെ വരും. മറ്റിടങ്ങളിൽ ഇതല്ല സ്ഥിതി. കേരളത്തിൽ അടുത്ത പതിനഞ്ച് വർഷത്തിനകം കേരളത്തിലെ ജനിക്കുന്ന കുട്ടികളുടെ എണ്ണം മൂന്നരലക്ഷമായി കുറയുമെന്നാണ് കണക്കുകൾ പറയുന്നത്. ഇരുപതിനും അറുപതിനുമിടയിൽ ഉത്പാദനക്ഷമമായി ജോലിയെടുക്കുന്നവരുടെ എണ്ണം കുറയും. രുമാനത്തിൽ കുറവുണ്ടാക്കുന്നുവെന്നത് മാത്രമല്ല പ്രായമുള്ളവർ ഒറ്റപ്പെടുന്ന പ്രശ്നവുമുണ്ട് .ഇതിനെല്ലാം പരിഹാരമായി ലോകത്ത് കിട്ടാവുന്ന വലിയ ജോലികൾ ഇവിടെ തന്നെ ചെയ്യാൻ അവസരമുണ്ടാക്കുകയാണ് വേണ്ടത്.ഇത് മനസ്സിലാക്കിയുള്ള നടപടികളാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. സ്റ്റാർട്ട് ആപ്പ് മിഷനുകളുടെ ആരംഭം, കേരളത്തെ എജ്യുക്കേഷൻ ഹബ്ബായി മാറ്റാനുള്ള നടപടികൾ, ടൂറിസം വികസനം എന്നിവയെല്ലാം നടക്കുന്നുണ്ടെങ്കിലും ഇനിയും അതിൽ പുരോഗതിയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് ജില്ലാ കൺവീനർ എൻ .ചന്ദ്രൻ ,കണ്ണൂർ രൂപതാ ബിഷപ്പ് അലക്സ് വടക്കുംതല , വി.ശിവദാസൻ എം.പി, കെ.വി.സുമേഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യഎന്നിവർ പങ്കെടുത്തു.

കേന്ദ്രസഹായം ലഭിച്ചാൽ പതിന്മടങ്ങ് വികസനം

സംസ്ഥാനം നിലവിൽ ഇപ്പോഴുണ്ടാക്കിയ നേട്ടങ്ങൾക്കൊപ്പം അർഹതപ്പെട്ട കേന്ദ്രസഹായം കൂടി ലഭിച്ചിരുന്നുവെങ്കിൽ വികസനം പതിൻമടങ്ങാകുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ തനത് വരുമാനം വർദ്ധിക്കുമ്പോഴും തരാനുള്ള വിഹിതത്തിന്റെ പകുതി പോലും തരാൻ കേന്ദ്രസർക്കാർ ഇപ്പോഴും തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.