കാസർകോട്: ടെക്സ്റ്റൈൽസ്, ഫുട്‌വെയർ, റെഡിമെയ്ഡ് പോലെ സീസൺ കച്ചവടങ്ങളെ ആശ്രയിച്ച് നിലനിൽക്കുന്ന വ്യാപാരികൾക്ക് തിരിച്ചടിയാകുന്ന വിധത്തിൽ ഉത്സവ സീസണിൽ നടക്കുന്ന തെരുവ് കച്ചവടം നിയന്ത്രിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കാസർകോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈസ്റ്റർ, റംസാൻ, വിഷു എന്നീ ആഘോഷങ്ങളുമായി ബന്ധപ്പെട്ട സീസണുകളെ വളരെയേറെ ആശ്രയിക്കുന്നതിനാൽ ഇങ്ങനെയൊരു കച്ചവട കാലത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു വ്യാപാരികൾ.

സർക്കാർ, പഞ്ചായത്ത് തുടങ്ങിയ ഭരണകൂട സ്ഥാപനങ്ങളുടെ വരുമാനത്തെ ദോഷകരമായി ബാധിക്കും വിധം യാതൊരു ലൈസൻസും, രജിസ്‌ട്രേഷനും, നികുതിയും ബാധകമല്ലാത്ത ഫുട്‌വെയറുകളും, ടെക്സ്റ്റൈയിലും, റെഡിമെയ്ഡുകളും ഉൾപ്പെടുന്ന ഉപഭോഗ വസ്തുക്കൾ നിയമവിധേയമല്ലാതെ ധാരാളം വിൽപ്പനക്കാർ റോഡരുകുകളിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നു. അനധികൃത വിൽപ്പനക്കാരെ ഒഴിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും ജി.എസ്.ടി.അധികൃതർക്കും ഇതു സംബന്ധിച്ച് നിവേദനം നൽകി. തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി തെരുവോരങ്ങളിലെ അനധികൃത വ്യാപാരം നിർത്താൻ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഉറപ്പു നൽകിയതായി നേതാക്കൾ അറിയിച്ചു.