election

കാസർകോട്.ലോക് സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെക്കുറിച്ച് നോ യുവർ കാൻഡിഡേറ്റ് (കെ.വൈ.സി ) എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ കൂടുതൽ അറിയാം. അതത് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ, നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന സമയത്തെ അവരുടെ പശ്ചാത്തലം, സത്യവാങ്മൂലം എന്നിവ സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിനായി വോട്ടർമാർക്ക് ഉപയോഗിക്കുന്ന ഉപഭോക്തൃ സൗഹൃദ മൊബൈൽ ആപ്പാണിത്.

വോട്ടർമാർക്ക് സ്ഥാനാർത്ഥികളുടെ പേരുകൾ ഉപയോഗിച്ച് ആപ്ലിക്കേഷനിൽ നിന്നും വിവരങ്ങൾ മനസ്സിലാക്കാനാകും. സ്ഥാനാർത്ഥികൾ ഉൾപ്പെട്ടിട്ടുള്ള ക്രിമിനൽ കേസുകളും, കേസിന്റെ നിലവിലെ സ്ഥിതിയും ആപ്ലിക്കേഷനിലൂടെ അറിയാം. ആൻഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളിൽ നിന്നും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം.

പോളിംഗ് ബൂത്ത് അറിയാം വെബ്‌സൈറ്റ് വഴി

വോട്ടർമാർക്ക് അവരുടെ ബൂത്ത് ഇലക്ഷൻ കമ്മീഷന്റെ വെബ്‌സൈറ്റിലൂടെ അറിയാൻ സാധിക്കും. വെബ്‌സൈറ്റിൽ ജനനത്തീയതി, ജില്ല, നിയമസഭ മണ്ഡലം എന്നീ വിവരങ്ങൾ നൽകിയാൽ ബൂത്ത് ഏതെന്നു അറിയാൻ കഴിയും. വോട്ടർ ഐഡി കാർഡ് നമ്പർ മാത്രം നൽകി സെർച്ച് ചെയ്താൽ പോളിംഗ് ബൂത്ത് കണ്ടെത്താനും സാധിക്കും.

വോട്ടർ ഐഡിക്കൊപ്പം രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ നൽകി ഒ.ടി.പി നൽകിയാലും വിവരം ലഭിക്കും. പോളിംഗ് ബൂത്ത് കണ്ടെത്തിയാൽ ഗൂഗിൾ മാപ്പ് വഴി ബൂത്തിന്റെ ലൊക്കേഷൻ മനസിലാക്കാം. ആൻഡ്രോയ്ഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമിൽ വരുന്ന വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് വഴിയും 1950 എന്ന ഹെൽപ്പ്‌ലൈൻ നമ്പർ മുഖേനയും പോളിംഗ് ബൂത്ത് സംബന്ധിച്ച വിവരങ്ങൾ ലഭിക്കും.