ഇരിട്ടി: ആറളം പാലത്തിന് സമീപം ജനവാസ മേഖലയിൽ ഇറങ്ങിയ രണ്ട് കാട്ടാനകളെ ആറളം ഫാമിലേക്ക് കയറ്റി വിട്ടു. ആറളം പുഴയിൽ കുളിക്കാനെത്തിയവരാണ് ആദ്യം കാട്ടാനകളെ കണ്ടത്. അവർ വനപാലകരെ വിവരം അറിച്ചതിനെ തുടർന്ന് വനം വകുപ്പ് വാച്ചർമാർ എത്തി കാട്ടാനകളുടെ നീക്കം ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിച്ച ശേഷമായിരുന്നു തുരത്തൽ തുടങ്ങിയത്.

ആറളം, മുഴക്കുന്ന് പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയത്തിന് ശേഷമാണ് തുരത്തൽ തുടങ്ങിയത്. പടക്കം പൊട്ടിച്ചും മരംമുറി യന്ത്രത്തിന്റെ ശബ്ദം ഉണ്ടാക്കിയുമാണ് തുരത്താൻ തുടങ്ങിയത്. ആനയിറങ്ങിയതറിഞ്ഞ് ആറളം പാലത്തിനടുത്തേക്ക് ആളുകൾ കൂട്ടമായി എത്തി കൊണ്ടിരുന്നു ജനങ്ങളെ പാലത്തിലേക്ക് കയറ്റാത്തെ പൊലീസ് തടഞ്ഞു. ഒരു തവണ പാലത്തിന്റെ താഴെ എത്തിയ കാട്ടാനകൾ ജനങ്ങളെ കണ്ട് പിൻതിരിഞ്ഞു പോകുകയായിരുന്നു.

ആറളം പാലത്തിനടിയിലൂടെ തുരത്തി പുഴ കടത്തി കാപ്പും കടവ് ഭാഗം വഴി ആറളം ഫാമിലെ രണ്ടാം ബ്ലോക്കിലേക്ക് കയറ്റി വിടുകയായിരുന്നു. അഞ്ച് മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് വനപാലകർ രണ്ട് കാട്ടാനകളെ ജനവാസ മേഖലയിൽ നിന്ന് തുരത്തിയത്. ആറളം പുഴയുടെ കുറുകെ സ്ഥാപിച്ച സൗരോർജ വേലിയും കടന്നാണ് രണ്ട് കാട്ടാനകൾ ജനവാസ മേഖലയിൽ എത്തിയത്.