ഇരിട്ടി: തില്ലങ്കേരി തെക്കൻപൊയിലിലെ താമസക്കാരായ തമിഴ്നാട് സ്വദേശിനിയുടെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആറര പവൻ (ഏകദേശം മൂന്ന് ലക്ഷം രൂപ ) വിലവരുന്ന സ്വർണാഭരങ്ങൾ മോഷണം പോയതായി പരാതി. തില്ലങ്കേരി മേഖലയിൽ ബേക്കറി ബിസിനസ് ചെയ്തു വരുന്ന തമിഴ്നാട് സ്വദേശികളായ കുമരേശൻ, ഭാര്യ രതി എന്നിവർ താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. മോഷണം നടക്കുമ്പോൾ കുമരേശനും കുടുംബവും തമിഴ്നാട്ടിലെ വീട്ടിൽ പോയിരിക്കുകയായിരുന്നു. രതിയുടെ സഹോദരൻ ബേക്കറി ബിസിനസ് നടത്തുന്ന തങ്കരാമനും തൊഴിലാളികളും വൈകുന്നേരം വീട് പൂട്ടി അഞ്ചു കിലോമീറ്റർ ദൂരെയുള്ള അവരുടെ വീട്ടിലേക്ക് പോയതിന് ശേഷമാണ് മോഷണം. വീടിന്റെ ഗ്രില്ല് പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കവരുകയായിരുന്നു. തിങ്കളാഴ്ച കാലത്ത് തങ്കരാമനും തൊഴിലാളികളും എത്തുമ്പോഴാണ് മോഷണം മനസിലാകുന്നത്. മുഴക്കുന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.