ml-aswini

കാഞ്ഞങ്ങാട്: കാസർകോട് ലോകസഭാ മണ്ഡലത്തിന്റെ സർവ്വ തലത്തിലുമുള്ള വികസനമാണ് തന്റെ ലക്ഷ്യമെന്ന് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി എം.എൽ.അശ്വിനി പറഞ്ഞു. കാഞ്ഞങ്ങാട് പ്രസ്‌ഫോറം സംഘടിപ്പിച്ച വോട്ടങ്കം 24ൽ സംസാരിക്കുകയായിരുന്നു അവർ.

കഴിഞ്ഞ 22 ദിവസമായി താൻ മണ്ഡലത്തിലാണ്. മഞ്ചേശ്വരം മുതൽ കല്യാശേരി വരെ തൊഴിലാളികൾ, കോളേജ് വിദ്യാർത്ഥികൾ, വ്യവസായികൾ എന്നിങ്ങനെ വിവിധ മേഖലയിലുള്ളവരുമായി സംസാരിച്ചു.നൂറുകണക്കിന് വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി അയൽ സംസ്ഥാനങ്ങളെയും വിദേശരാജ്യങ്ങളെയും ആശ്രയിക്കുകയാണ്. ഇവിടെ സൗകര്യമില്ലാത്തതാണ് നാട് വിടാൻ അവരെ പ്രേരിപ്പിക്കുന്നത്. അതിന് പരിഹാരം വേണം. മെച്ചപ്പെട്ട ചികിത്സ കിട്ടണമെങ്കിൽ കാസർകോട്ടുകാർക്ക് അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കണം. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വേലായുധൻ കൊടവലം, മനുലാൽ മേലത്ത്, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് പ്രശാന്ത് മരക്കാപ്പ് എന്നിവരും സംബന്ധിച്ചു.

സ്ഥാനാർത്ഥിത്വം അപ്രതീക്ഷിതം

താൻ സ്ഥാനാർത്ഥിയായത് തികച്ചും അപ്രതീക്ഷിതമായിരുന്നു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തംഗമായി പ്രവർത്തിച്ചു വരുന്നതിനിടയിലാണ് കാസർകോട്ടെ സ്ഥാനാർത്ഥിയായി തന്റെ പേര് വന്നത്. മണ്ഡലത്തിലുടനീളം സഞ്ചരിച്ചപ്പോൾ വോട്ടർമാരിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ജയിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്. നാമനിർദ്ദേശപത്രിക ഇന്ന് സമർപ്പിക്കുമെന്നും അശ്വിനി പറഞ്ഞു.പാർട്ടി ആസ്ഥാനത്ത് നിന്നും റോഡ് ഷോയോടെയായിരിക്കും പത്രികാസമർപ്പണത്തിനായി പോകുന്നതെന്നും എൻ.ഡി.എ സ്ഥാനാർത്ഥി പറഞ്ഞു.