unnithan

മുൻ എം.പിക്ക് മറുപടി പറയാൻ താൻ ആളല്ല

കാസർകോട്: എം പി ഫണ്ട് ചിലവഴിച്ചതും വൻകിട പദ്ധതികൾ കൊണ്ടുവരാത്തതും മറ്റും സംബന്ധിച്ച് മുൻ എം പി പി കരുണാകരന്റെ ആരോപണങ്ങൾക്കും വ്യക്തിപരമായി ആരോപണം ഉന്നയിച്ച പത്മജ വേണുഗോപാലിനും മറുപടി പറയാൻ ഞാൻ ആളല്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. 2019 മുതൽ മണ്ഡലത്തിൽ ചെയ്ത കാര്യങ്ങൾ മാത്രമാണ് ഞാൻ പറയുന്നത്. കാസർകോട് പ്രസ് ക്ലബ് സംഘടിപ്പിച്ച ജനസഭ പരിപാടിയിൽ സംസാരിക്കുകയായായിരുന്നു അദ്ദേഹം.

അഞ്ച് വർഷം കാസർകോട് മണ്ഡലത്തിൽ 696 കോടിയുടെ പദ്ധതി നടപ്പിലാക്കി. ഇരുപത് കേന്ദ്രാവിഷ്‌കൃത പദ്ധതികൾ കൊണ്ടുവന്നു.ഇതിനായി അനുവദിച്ച ഫണ്ട് കൂടി ചേർത്താൽ 2000 കോടിയാകും. 120 കോടിയുടെ റോഡ് പ്രവൃത്തി നടപ്പിലാക്കി. 276 ഹൈമാസ്‌ ലൈറ്റുകളിൽ 175 എണ്ണം സ്വിച്ച് ഓൺ ചെയ്തു. അഞ്ചു വർഷത്തിനുള്ളിൽ 19.5 കോടി രൂപയാണ് എം പി ഫണ്ടായി മണ്ഡലത്തിന് ലഭിച്ചത്. ചിലവഴിച്ചതിന്റെ കൃത്യമായ കണക്കുകൾ ആർക്ക് വേണമെങ്കിലും പരിശോധിക്കാം. കൊവിഡ് കാലത്ത് പ്രധാനമന്ത്രി ആവശ്യപ്പെട്ടത് പ്രകാരം എം പി ഫണ്ട് വെട്ടിച്ചുരുക്കിയത് കാരണമാണ് തുടക്കത്തിൽ പദ്ധതികൾ വൈകിയത്. മണ്ഡലത്തിൽ ഇരട്ടി വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കും- ഉണ്ണിത്താൻ പറഞ്ഞു.

വികസന വിഷയത്തിൽ രാഷ്ട്രീയം നോക്കിയിട്ടില്ല. കൊവിഡ് കാലത്ത് പരിയാരം മെഡിക്കൽ കോളേജിന് അഞ്ച് ഓക്സിജൻ മെഷീനാണ് അനുവദിച്ചത്. ആംബുലൻസുകളും നൽകിയെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു. എൻ.എ നെല്ലിക്കുന്ന് എം.എൽ.എയും ഒപ്പമുണ്ടായിരുന്നു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് നഹാസ് സ്വാഗതം പറഞ്ഞു.

സി.എ.എ കേസുകൾ പിൻവലിക്കണം
പൗരത്വ ഭേദഗതി നിയമ വിഷയത്തിൽ മുഖ്യമന്ത്രിക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ സമരം ചെയ്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കാൻ തയ്യാറാകണമെന്ന് ഉണ്ണിത്താൻ ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമ വിഷയത്തിൽ താൻ ഒന്നും പ്രതികരിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി കാഞ്ഞങ്ങാട്ട് ആരോപിച്ചത്. എന്നാൽ മുഖ്യമന്ത്രിക്ക് മറവി രോഗം ബാധിച്ചിരിക്കുകയാണ്. കോൺഗ്രസ് എം.പിമാർ മാത്രമാണ് സി.എ.എ വിഷയത്തിൽ പാർലമെന്റിൽ പ്രതികരിച്ചത്. പകർപ്പ് കത്തിച്ചു സ്പീക്കറുടെ നേരെ എറിഞ്ഞതിന് സസ്പെൻഷനിലായ എം.പിയാണ് താനെന്നും ഉണ്ണിത്താൻ പ്രതികരിച്ചു.