vaan

കാസർകോട്: ഉപ്പളയിലെ ആക്സിസ് ബാങ്കിന്റെ എ.ടി.എമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന 50 ലക്ഷം രൂപ പട്ടാപ്പകൽ വാനിന്റെ ഗ്ളാസ് തകർത്ത് കൊള്ളയടിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. എ.ടി.എമ്മിന്റെ മുന്നിൽ വാൻ നിർത്തിയിട്ട് മെഷീൻ ക്രമപ്പെടുത്തുമ്പോഴാണ് കവർച്ച.

കൗണ്ടറിൽ പണം നിറയ്ക്കാൻ പെട്ടി എടുക്കാനെത്തിയപ്പോഴാണ് വാനിന്റെ ചില്ല് തകർത്തതായി കണ്ടത്. അൻപത് ലക്ഷം നിറച്ച ഒരു പെട്ടിയാണ് മോഷണം പോയത്. സെക്യുവർ വാലി എന്ന കമ്പനിയുടെതാണ് വാൻ. വിവരമറിഞ്ഞെത്തിയ കുമ്പള ഇൻസ്‌പെക്ടർ രാജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാൻ കസ്റ്റഡിയിലെടുത്തു. വാൻ ഡ്രൈവറെയും കൂടെയുണ്ടായിരുന്ന മറ്റൊരാളെയും ചോദ്യം ചെയ്യുകയാണ്.

പണം എത്തിക്കുമ്പോൾ സ്വകാര്യ ഏജൻസികളുടെ സായുധ വിഭാഗം സുരക്ഷയ്‌ക്ക് കൂടെ ഉണ്ടാകാറുണ്ട്. ഉപ്പളയിൽ എത്തിയ വാനിൽ സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നില്ല.

പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവി പി.ബിജോയി, കാസർകോട് ഡിവൈ.എസ്.പി ഹരിപ്രസാദ് എന്നിവർ സ്ഥലത്തെത്തി. റോഡ് പണി നടക്കുന്നതിനാൽ സമീപത്തെ പല സി.സി.ടി.വികളും പ്രവർത്തിക്കാത്തത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ചില സി.സി.ടി.വികളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.


കർണ്ണാടക പൊലീസിന്റെ സഹായം തേടി

രക്ഷപ്പെട്ട കവർച്ചക്കാരെ കണ്ടെത്താൻ കേരള പൊലീസ് കർണ്ണാടക പൊലീസിന്റെ സഹായം തേടി. ഉപ്പളയിൽ നിന്ന് ഏതാനും കിലോമീറ്റർ കഴിഞ്ഞാൽ കർണ്ണാടക അതിർത്തിയായി. പണമടങ്ങിയ പെട്ടിയുമായി സംഘം കർണാടകയിലേക്ക് കടന്നിട്ടുണ്ടാകുമെന്ന് പൊലീസ് കരുതുന്നു.