mogral-puthoor
മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ് മയിൽപ്പാറ,മജൽ റോഡ് ജനകീയ സമരസമിതി താഴിട്ടുപൂട്ടിയ ശേഷം ഉപരോധിക്കുന്നു

കാസർകോട്: മയിൽപ്പാറ -മജൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്ത വിഷയത്തിൽ സമരക്കാർ മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ് താഴിട്ടുപൂട്ടി. ഇന്നലെ ഉപരോധ സമരം നടത്തിയ ജനകീയ സമര സമിതിയാണ് പഞ്ചായത്ത് ഓഫീസ് പൂട്ടിയത്. നാടിന്റെ വികസനം പഞ്ചായത്ത് ഭരണസമിതി തടയുകയാണെന്നും ഭരണക്കാരുടെ ജനദ്രോഹ നടപടികൾ ഉപേക്ഷിക്കണമെന്നും ജനകീയ സമര സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. കരാറുകാരനും ഭരണസമിതിയും തമ്മിലുള്ള ഒത്തുകളിയിൽ മയിൽപ്പാറ, മജൽ നിവാസികളെയും ഓട്ടോ തൊഴിലാളികളെയും വളരെ ഏറെ പ്രയാസപെടുത്തുന്നുവെന്നും ഓട്ടോ തൊഴിലാളികൾക്ക് ഓട്ടം പോവാൻ പോലും പറ്റാത്ത സാഹചര്യത്തിലാണ് സമരം തുടങ്ങിയതെന്നും ഇവർ പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ്‌ രാജിവെക്കണമെന്നും പ്രതിഷേധ സമരത്തിൽ ആവശ്യം ഉയർന്നു. വരും ദിവസങ്ങളിൽ പഞ്ചായത്തിന് മുന്നിൽ നിരാഹാര സമരത്തിന് നേതൃത്വം നൽകുമെന്നും സമരക്കാർ മുന്നറിയിപ്പ് നൽകി. പൊലീസ് എത്തി സമര സമിതി അംഗങ്ങളെ അറസ്റ്റ് ചെയ്ത് നീക്കി. റിയാസ് മജൽ, സലീം സന്ദേശം, പ്രമീള മജൽ, ഗീരീഷ് മജൽ, ജുബൈറിയ, ഷെമീമ സാദിഖ്, കദീജ കല്ലങ്കടി, ഷോബിത നാഗേഷ്, അംബിക, മിനി, ശൈലജ, സുശീല മജൽ, ഗംഗ മജൽ, സുമിത്ര മജൽ, ഷെരീഫ് കല്ലങ്കൈ, റഹിം നിർച്ചാൽ, അബ്ദുൽ റസ്സാഖ് കല്ലങ്കടി, അദ്ദുമാൻ മജൽ, വിശ്വനാഥ് നിർച്ചാൽ തുടങ്ങിവർ സമരത്തിന് നേതൃത്വം നൽകി.

16 പേർക്കെതിരെ പൊലീസ് കേസ്

മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് താഴിട്ടുപൂട്ടുകയും ഓഫീസിനും പുറത്ത് റോഡിലും ന്യായവിരോധമായി സംഘം ചേർന്ന് യാത്ര തടസപ്പെടുത്തിയതിനും പഞ്ചായത്ത് സെക്രട്ടറി എ. പ്രേമയുടെ പരാതിയിൽ 16 നാട്ടുകാർക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. നീർച്ചാൽ, മൊഗ്രാൽ പുത്തൂർ, മജൽ സ്വദേശികളായ കെ. വിശ്വനാഥൻ (64), അബ്ദുൽ റഹ്മാൻ (55), കെ.ഖദീജ (54), കെ.എം.അബ്ദുൽ റിയാസ് (37), എം.ഗിരീഷ് (39), എം.സെലിൻ ( 42), വി.ഗംഗ ( 68), സുശീല (54), ബി. മിനി (46) തുടങ്ങി 16 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. എസ്.ഐ പി.പി.അഖിൽ ആണ് കേസ് അന്വേഷിക്കുന്നത്.