
കണ്ണൂർ: മോദിക്കൊരു വോട്ട്, വികസനത്തിനൊരു വോട്ട് എന്ന മുദ്രാവാക്യവുമായാണ് കണ്ണൂർ പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സി രഘുനാഥിന്റെ തിരഞ്ഞെടുപ്പ് പര്യടനം. ഇന്നലെ ഇരിക്കൂർ മേഖലയിൽ പര്യടനം നടത്തിയ രഘുനാഥിന് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ലഭിച്ചു. രാവിലെ ഒൻപത് മണിക്കാരംഭിച്ച പര്യടനം രാത്രി വൈകിയാണ് അവസാനിച്ചത്.
രാവിലെ വളക്കൈയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. തുടർന്ന് ചുഴലി, ചെങ്ങളായി, നടുവിൽ, കരുവൻചാൽ, വായാട്ടുപറമ്പ്, ആലക്കോട് തുടങ്ങിയ മേഖലകളിൽ പര്യടനം നടത്തി. നടുവിൽ സെന്റ് ജോസഫ് മലങ്കര കാതലിക് ചർച്ചിൽ ഫാദർ സി ജെ.വർഗീസ് ചൂരക്കുഴിയിൽ, വായാട്ടുപറമ്പ് സെന്റ് ജോസഫ് ചർച്ചിൽ ഫാദർ ഡോ.തോമസ് തെങ്ങുംപള്ളിൽ എന്നിവരെ സന്ദർശിച്ചു. തുടർന്ന് ആലക്കോട് രാജാവിന്റെ പ്രതിമയിൽ പുഷാപാർച്ചന നടത്തി. കാർഷിക മേഖലയായ മലയോരത്ത് ഉൽപന്നങ്ങളുടെ ന്യായവിലയും കർഷകർക്ക് മോദി സർക്കാർ നൽകുന്ന വിവിധ പദ്ധതികളും സ്ഥാനാർത്ഥി എടുത്തുപറഞ്ഞു. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം മോഹനൻ മാനന്തേരി, ഇരിക്കൂർ മണ്ഡലം പ്രസിഡന്റ് പി.വി.റോയ്, മണ്ഡലം ജനറൽ സെക്രട്ടറി രജീവൻ എന്നിവർ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു.