
തളിപ്പറമ്പ്: ഇടതുസർക്കാരിന്റെ വികസനനേട്ടങ്ങൾ എടുത്തുപറഞ്ഞും എതിർമുന്നണികൾക്കെതിരെ രാഷ്ട്രീയ ആരോപണങ്ങളുന്നയിച്ചും ഇടതുപക്ഷം ജയിക്കേണ്ടതിന്റെ അനിവാര്യത ഓർമ്മിപ്പിച്ചും തിരഞ്ഞെടുപ്പ് കളത്തിൽ സജീവമായി കണ്ണൂർ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി.ജയരാജൻ.തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ വടക്കാഞ്ചേരി വെളത്തൂൽകാവിൽ ആയിരുന്നു സ്ഥാനാർത്ഥിയുടെ പൊതുപര്യടനത്തിന് തുടക്കം കുറിച്ചത്.
ഇലക്ട്രറൽ ബോണ്ടും എം.പിമാരെ വിലക്ക് വാങ്ങുന്നതും സിറ്റിംഗ് എം.പിയുടെ വികസനവിരുദ്ധനിലപാടുകളുമൊക്കെ എണ്ണിപ്പറഞ്ഞായിരുന്നു സ്ഥാനാർത്ഥിയുടെ പ്രസംഗം. ബലൂണുകളേന്തിയ കുട്ടികളും മുത്തുക്കുടകളെടുത്ത യുവതികളും ബാന്റുവാദ്യങ്ങളും ചെണ്ടകളും ബൈക്ക് റാലിയിൽ അണിനിരന്ന യുവാക്കളും സ്ഥാനാർത്ഥിയുടെ ചിത്രം പതിച്ച ടീഷർട്ട് ധരിച്ചെത്തിയവരുമൊക്കെയാണ് സ്വീകരണ കേന്ദ്രങ്ങളിലുള്ളത്. സി പി.എം ജില്ലാ ആക്ടിംഗ് സെക്രട്ടറി ടി.വി.രാജേഷാണ് ആദ്യ പൊതുപര്യടനപരിപാടി ഉദ്ഘാടനം ചെയ്തത്. കെ.വി.ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. എം.എം.രവീന്ദ്രൻ ,എൽ.ഡി.എഫ് പാർലമെന്റ് മണ്ഡലം സെക്രട്ടറി എൻ.ചന്ദ്രൻ, പ്രസിഡന്റ് സി പി.സന്തോഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു. പള്ളിവയൽ, കരിമ്പം പാറക്കണ്ടത്തിൽ, ചവനപ്പുഴ നോർത്ത്, പൂമംഗലം പാച്ചേനി സ്മാരക വായനശാലക്ക് സമീപം, മഴൂർ, പടപ്പേങ്ങാട് ടൗൺ, ചാണോക്കുണ്ടിൽ , കട്ടയാൽ, തലവിൽ രാമപുരം, കാഞ്ഞിരങ്ങാട്, വെള്ളാവ്, പാച്ചേനി മേനച്ചൂരിൽ, പരിയാരം, സി പൊയിലിൽ കുപ്പം,കോടല്ലൂർ ഉദയ, കൂവോട്, മോറാഴ ചേരയ, സി എച്ച്.നഗർ, പുന്നക്കുളങ്ങര വായനശാല, അയ്യങ്കോൽ, ഇരുമ്പ് കല്ലിൻ എന്നിവിടങ്ങളിലും ഇന്നലെ സ്വീകരണമേറ്റുവാങ്ങി. അസുഖബാധിതനായ വയൽക്കിളി സമരനേതാവായിരുന്ന സുരേഷ് കീഴാറ്റൂരിനെ വീട്ടിൽ സന്ദർശിച്ച് വോട്ടഭ്യർഥിച്ചു. തൃച്ചംബരത്ത് നൽകിയ സ്വീകരണത്തിൽ രക്തസാക്ഷി ധീരജിന്റെ അച്ഛൻ രാജേന്ദ്രൻ, അമ്മ പുഷ്‌കല, സഹോദരൻ അദ്വൈത് എന്നിവർ പങ്കെടുത്തു.ഇന്ന് അഴീക്കോട് മണ്ഡലത്തിലാണ് പര്യടനം.