പരിയാരം: കുപ്പം മംഗലശ്ശേരിയിൽ പുഴയോരത്ത് കെട്ടിട അവശിഷ്ടങ്ങൾ തള്ളി. ദിവസങ്ങൾക്ക് മുമ്പാണ് സംഭവം. സിമന്റ്, കെട്ടിട അവശിഷ്ടങ്ങൾക്കൊപ്പം കിടക്ക, ക്ലോസറ്റിന്റെ അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ അടക്കമാണ് ഇരുട്ടിന്റെ മറവിൽ മംഗലശ്ശേരി പാർക്കിന് സമീപം പുഴയോരത്ത് തള്ളിയത്. കുട്ടികളടക്കമുള്ളവർ വിനോദത്തിനായി എത്തിച്ചേരുന്ന പാർക്കിന് സമീപത്ത് ഇത്തരത്തിൽ മാലിന്യം നിക്ഷേപിച്ചത് ഇവിടെ എത്തിച്ചേരുന്നവർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
മാലിന്യങ്ങൾ പുഴയിലേക്കും പതിച്ചിട്ടുണ്ട്. ഇത്തരത്തിൽ തള്ളുന്ന കെട്ടിട അവശിഷ്ടങ്ങൾ പുഴയിൽ കലർന്നാൽ മത്സ്യസമ്പത്തിന് വരെ ഭീഷണിയാകുമെന്നും പരിസരവാസികൾ പറയുന്നു. ഇവിടെ മാലിന്യം തള്ളിയതിനെതിരെ പട്ടുവം ഗ്രാമ പഞ്ചായത്ത്, തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പൊതു സ്ഥലത്തെ മാലിന്യം തള്ളിയവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതി പറഞ്ഞു.