shafi

കൂത്തുപറമ്പ്: ലോക് സഭാ മത്സരം പാർട്ടി തന്നെ ഏൽപിച്ച വലിയ ഉത്തരവാദിത്തമെന്നാണ് വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പറയുന്നു. ഷാഫിയുടെ വടകരയിലേക്കുള്ള വരവ് തന്നെ വലിയ ആവേശം ഉയർത്തിക്കൊണ്ടായിരുന്നു. രണ്ടാംഘട്ട പ്രചാരണത്തിനായി കൂത്തുപറമ്പിൽ എത്തിയ ഷാഫി പറമ്പിൽ നിലപാട് കേരളകൗമുദിയുമായി പങ്കുവെക്കുന്നു


ആദ്യഘട്ടം മുതൽ മണ്ഡലത്തിൽ നിന്നും ലഭിച്ച സ്വീകരണം കാണുമ്പോൾ എന്തു തോന്നുന്നു?


ഞങ്ങൾ ഉയർത്തുന്ന ആശയങ്ങളോടുള്ള ജനങ്ങളുടെ പിന്തുണയും യു.ഡി.എഫിന്റെ വിജയം ജനങ്ങളും ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ് വടകരയിലെ ഈ ആൾക്കൂട്ടവും സ്വീകാര്യതയും


ജയിച്ചാൽ മണ്ഡലത്തിന്റെ കാര്യത്തിൽ എന്തിനായിരിക്കും പ്രധാന പരിഗണന ?

യുവജനങ്ങളുടെ കഴിവിനെ പരമാവധി ഉപയോഗപ്പെടുത്തുന്നതിന്. അവർക്കായി തൊഴിലും സംരംഭവും ഉറപ്പുവരുത്തുന്നതിനും തീരദേശ മേഖലയിലേയും കാർഷിക രംഗത്തേയും പ്രതിസന്ധിയെ മറികടക്കുന്നതിനും ഉതകുന്ന പദ്ധതികൾ ആസൂത്രണം ചെയ്യും. വടകരയിൽ കായികവികസനത്തിന് ആവശ്യമായ സംവിധാനം ഒരുക്കാൻ പ്രയത്നിക്കും, വനിതകൾക്കുള്ള സംരംഭങ്ങൾ ഉറപ്പുവരുത്താൻ ഗവൺമെന്റ് ഫണ്ടിനോടൊപ്പം തന്നെ സ്മാർട്ട് പാലക്കാട് പോലുള്ള പദ്ധതികൾ ഇവിടെയും കൊണ്ടുവരും.


 പ്രചാരണത്തിൽ ടി.പി. കേസ് മാത്രം ഉയർത്തുന്നുവെന്ന വിമർശനത്തെ കുറിച്ച്?


അത്ഭുതമാണ് ടി.പി വധം മിണ്ടരുത് എന്ന പരാമർശം.അദ്ദേഹത്തെ തീർത്തിട്ട് ഇനി മിണ്ടരുത് എന്ന് പറയാൻ എന്ത് അവകാശമാണുള്ളത്.കേസിൽ ഉൾപ്പെട്ടവർക്ക് പാർട്ടി കൊടുത്ത പിന്തുണ ഇവിടെ ചർച്ച ചെയ്യപ്പെടുക തന്നെ ചെയ്യും ഈ വിഷയത്തിൽ സി.പി.എം അണികളിൽ തന്നെ പ്രയാസമുണ്ട് .ടി പി വധം മിണ്ടരുതെന്ന് പറയണമെങ്കിൽ അവർ ടി.പി.ചന്ദ്രശേഖരനെ കൊല്ലരുതായിരുന്നു.

പാലക്കാട് ബൈ ഇലക്ഷൻ ഉണ്ടാവില്ലെന്ന കെ.സുരേന്ദ്രന്റെ പ്രസ്താവന?


ഇത് ഒരു ഓപ്പൺ സ്റ്റേറ്റ്‌മെന്റ് ആണ്.സി.പി.എം വിജയിക്കുമെന്ന് ബി.ജെ.പിയാണ് പറയുന്നത് .ഒരു രാഷ്ട്രീയ സന്ദേശമാണ് ഇത്. രണ്ട് പ്രസ്ഥാനങ്ങളിലെയും അണികൾ ഇതിനെ എതിർത്ത് ഇത്തവണ വോട്ട് യു.ഡി.എഫിന് ചെയ്യും.

യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചാൽ കോൺഗ്രസിൽ ഉണ്ടാവുമെന്ന് എന്താണ് ഉറപ്പ് എന്ന ചോദ്യത്തെപ്പറ്റി?


ഞാൻ വിജയിച്ചാൽ വടകരയിലും ഡൽഹിയിലും ഉണ്ടാകും രാജ്യത്തിന്റെ ഐക്യത്തിനായി പ്രവർത്തിക്കും വിട്ടുപോയവരുടെ കണക്കെടുത്താൽ ബംഗാളിലെയും ത്രിപുരയിലെയും നേതാക്കളും കുടുംബവും ചട്ടിയും കലവും എടുത്ത് പോയ എത്രയോ അവസരം നമുക്ക് പറയാൻ കഴിയും കോൺഗ്രസിൽ നിന്ന് ഒരാൾ മറുകണ്ടം ചാടുമ്പോൾ ബി.ജെ.പിയെക്കാൾ സന്തോഷം സി.പി.എമ്മിനാണ്.

പൗരത്വ ബില്ലുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിൽ നിന്നും കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജുന ഗാർഗെ ഒളിച്ചോടുകയാണെന്ന് കേരള മുഖ്യമന്ത്രിയുടെ പ്രസ്താവനയെ എങ്ങനെ വിലയിരുത്തുന്നു ?


പിണറായി വിജയൻ എന്ത് ചോദിക്കുന്നു എന്ന് നോക്കിയിരിക്കൽ അല്ല ഖാർഗെയുടെ പണി. പ്രധാനമന്ത്രിയോട് ചോദ്യം ചോദിച്ചോ മോദിയുടെ പേരെടുത്ത് പറഞ്ഞ് ഒരു വിമർശനം പോലും പിണറായി വിജയൻ നടത്താറില്ല. എന്നാൽ ഈ വിഭാഗീയ അജണ്ടക്ക് എതിരെ ഇന്ത്യ മുഴുവൻ നടന്ന വ്യക്തിയാണ് രാഹുൽ ഗാന്ധി


വടകരയിലെ ഈ ആൾക്കൂട്ടം വോട്ടാകുമോ?


തീർച്ചയായും. കോൺഗ്രസിന്റെ സംഘടന സംവിധാനം മറ്റു സംഘടനകളിൽ നിന്നും വ്യത്യസ്തമാണ് ഞങ്ങൾക്ക് പാർട്ടിയിൽ പെയിഡ് ജീവനക്കാർ ഇല്ല. പ്രതീക്ഷിക്കാത്ത ആൾക്കൂട്ടമാണ് വടകരയിൽ കണ്ടത് അത് യു.ഡി.എഫിന്റെ വിജയം അനിവാര്യമാണെന്ന് ജനം തിരിച്ചറിഞ്ഞതിന്റെ കാഴ്ചയാണ്.


യു.ഡി.എഫിന് എത്ര സീറ്റ് കിട്ടും?

എന്റെ വണ്ടിയുടെ നമ്പർ ആണ് അതിന് ഉത്തരം 20 :20