akashavellari
ആകാശവെള്ളരി

ഏഴോം: പച്ചക്കറിയായും മധുരഫലമായും ഉപയോഗിക്കുന്നതും ദീർഘകാലം വിളവ് തരുന്നതുമായ ആകാശവെള്ളരി കൃഷി ശ്രദ്ധയാകർഷിക്കുന്നു. കടുത്ത ചൂടിൽ ജ്യൂസിനും ഇത് ഉപയോഗിക്കുന്നു. ഏഴോം പഞ്ചായത്തിലെ കുറുവാട്ടെ സുരേഷ് ബാബു എന്ന പ്രവാസി കർഷകനാണ് ആകാശവെള്ളരി കൃഷി നടത്തുന്നത്. ശരിയായ പരിപാലനം ലഭിക്കുകയാണെങ്കിൽ 200 വർഷംവരെ ഈ വള്ളിച്ചെടിക്ക് ആയുസ്സുണ്ടാകുമത്രെ.

വളരെ പണ്ടുകാലത്ത് അന്നത്തെ പാരമ്പര്യ വൈദ്യന്മാർ ഔഷധസസ്യമായി മാത്രം ആഞ്ഞിലി മരത്തിൽ പടർത്തി ആകാശവെള്ളരി വളർത്തിയിരുന്നുവെന്നു പറയുന്നു. ജീവിതശൈലീ രോഗങ്ങളെ ചെറുക്കാനുത്തമമായ ഈ സസ്യം അനായാസം വീടുകളിൽ വളർത്താനാകും. പാഷൻ ഫ്രൂട്ടിന്റെ കുടുംബത്തിൽപ്പെട്ട ആകശവെള്ളരിയിൽ പ്രോട്ടീൻ, നാരുകൾ, ഇരുമ്പ്, കാത്സ്യം, ഫോസ്‍ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. പ്രമേഹം, രക്തസമ്മർദ്ദം, ആസ്ത്‍മ, ഉദരരോഗങ്ങൾ തുടങ്ങിയവക്കെതിരെ പ്രയോഗിക്കാവുന്ന ഉത്തമ ഔഷധമാണ്.

ഇളം പ്രായത്തിൽ പച്ചക്കറിയായിട്ടും വിളഞ്ഞു പഴുത്താൽ പഴമായും ആകാശവെള്ളരി ഉപയോഗിക്കാം.

പൾപ്പിന് നല്ല മധുരവുമുണ്ടാകും. മഞ്ഞ നിറത്തിലുള്ള പഴങ്ങൾ ജ്യൂസായിട്ടാണ് സാധാരണ ഉപയോഗിക്കുന്നത്. ജാം,​ ജെല്ലി,​ ഫ്രൂട് സലാഡ്സ ഐസ് ക്രീം എന്നിവ തയ്യാറാക്കാം. വിത്തുപയോഗിച്ചും തണ്ടുകൾ മുറിച്ചുനട്ടും കൃഷി ചെയ്യാം. വളരെ മനോഹരമാണ് വയലറ്റു നിറത്തിൽ നക്ഷത്രാകൃതിയിലുള്ള പൂക്കൾ. ഇത് രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവു കൂട്ടുന്നുവെന്നും പറയുന്നു. മുളച്ചു ഒരു വർഷമാകുമ്പോഴേക്കും പൂവിട്ടു കായ്ക്കാൻ തുടങ്ങും. നല്ല ആരോഗ്യമുള്ള ഒരു കായക്ക് രണ്ട് കിലോഗ്രാം വരെ തൂക്കമുണ്ടാകും.