കണ്ണൂർ: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിന്റെ വിജ്ഞാപനം വ്യാഴാഴ്ച പുറപ്പെടുവിച്ചു. രാവിലെ കളക്ടറേറ്റിൽ കണ്ണൂർ മണ്ഡലം വരണാധികാരി കൂടിയായ ജില്ലാ കളക്ടർ അരുൺ കെ.വിജയൻ വിജ്ഞാപനം നോട്ടീസ് ബോർഡിൽ പതിപ്പിച്ചു. അസി. കളക്ടർ അനൂപ് ഗാർഗ്, എ.ഡി.എം കെ.നവീൻ ബാബു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ.പത്മനാഭൻ, മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായി.
ഏപ്രിൽ നാല് വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകീട്ട് 3 വരെയാണ് പത്രിക സ്വീകരിക്കുക.
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധി ദിനങ്ങളായ മാർച്ച് 29, 31, ഏപ്രിൽ ഒന്ന് തീയതികളിൽ പത്രിക സ്വീകരിക്കില്ല. ബന്ധപ്പെട്ട മണ്ഡലത്തിന്റെ വരണാധികാരിക്കോ പ്രത്യേകം നിശ്ചയിക്കപ്പെട്ട ഉപവരണാധികാരിക്കോ ആണ് പത്രിക നൽകേണ്ടത്. ജില്ലാ കളക്ടർ അരുൺ കെ.വിജയനാണ് കണ്ണൂർ ലോക് സഭാ മണ്ഡലത്തിന്റെ വരണാധികാരി. മട്ടന്നൂർ മണ്ഡലം ഉപ വരണാധികാരിയായ എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ഷറീന എ.റഹ്മാനാണ് പ്രത്യേകം നിശ്ചയിക്കപ്പെട്ട ഉപവരണാധികാരി. ആദ്യ ദിവസമായ ഇന്നലെ കണ്ണൂർ ലോക് സഭ മണ്ഡലത്തിൽ പത്രിക ഒന്നും സമർപ്പിച്ചിട്ടില്ല. പത്രികയുടെ സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചിന് രാവിലെ 11ന് നടക്കും. ഏപ്രിൽ എട്ട് വരെ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസരമുണ്ടാകും. എട്ടിന് വൈകീട്ട് മൂന്നു മുതൽ ചിഹ്നം അനുവദിക്കും. ഏപ്രിൽ 26 നാണ് കേരളത്തിൽ വോട്ടെടുപ്പ്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.
പെരുമാറ്റ ചട്ടലംഘനം: ഇതുവരെ നീക്കിയത് 12966 പ്രചാരണ സാമഗ്രികൾ
പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് എം.സി.സി നിരീക്ഷണ സ്‌ക്വാഡുകൾ ജില്ലയിൽ ഇതുവരെ നീക്കം ചെയ്തത് 12966 പ്രചാരണ സാമഗ്രികൾ. പൊതുസ്ഥലങ്ങളിലെയും സ്വകാര്യസ്ഥലങ്ങളിൽ അനധികൃതമായും സ്ഥാപിച്ചവയാണ് എം.സിസി നോഡൽ ഓഫീസർ എ.ഡി.എം കെ.നവീൻബാബുവിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകൾ നീക്കിയത്. പൊതുസ്ഥലത്തെ 12887 പ്രചാരണ സാമഗ്രികളും സ്വകാര്യ സ്ഥലത്ത് അനുമതിയില്ലാതെ സ്ഥാപിച്ച 79 എണ്ണവുമാണ് ഇതുവരെ മാറ്റിയത്. പൊതുസ്ഥലത്തെ 195 ചുവരെഴുത്തുകൾ, 9919 പോസ്റ്ററുകൾ, 1840 ബാനറുകൾ, 933 മറ്റുള്ളവ എന്നിവ നീക്കം ചെയ്തു. സ്വകാര്യ സ്ഥലങ്ങളിൽ നിയമവിരുദ്ധമായി സ്ഥാപിച്ച മൂന്ന് ചുവരെഴുത്തുകൾ, 64 പോസ്റ്ററുകൾ, 12 ബാനറുകൾ എന്നിവയും നീക്കി. എം.സി.സി സ്‌ക്വാഡുകളുടെ ശക്തമായ നിരീക്ഷണം ജില്ലയിൽ തുടരുകയാണ്.
ഡിസ്ട്രിക്ട് ഓർഡർ സെൽ രൂപീകരിച്ചു
ജില്ലയിൽ ഓർഡർ സോഫ്റ്റ് വെയർ മുഖേന വിന്യസിക്കപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥർക്ക് മതിയായ കാരണങ്ങളാൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകുന്നതിന് സാധിക്കാത്ത സാഹചര്യത്തിൽ ഡ്യൂട്ടി ഒഴിവ് നൽകുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ കീഴിൽ ഡിസ്ട്രിക്ട് ഓർഡർ സെൽ രൂപീകരിച്ചു. അസി. കളക്ടർ അനൂപ് ഗാർഗ്, ജില്ലാ മെഡിക്കൽ ഓഫീസർ എം.പിയൂഷ്, ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) ബി.രാധാകൃഷ്ണൻ, നോഡൽ ഓഫീസർ ഐ.ടി ആപ്ലിക്കേഷൻസ് ആൻഡ് ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ കെ.രാജൻ, നോഡൽ ഓഫീസർ മാൻ പവർ മാനേജ്‌മെന്റ് ആൻഡ് ഹുസൂർ ശിരസ്തദാർ പി.പ്രേംരാജ് എന്നിവർ അംഗങ്ങളാണ്.