vanchiveed

ചെറുവത്തൂർ: ആടിയും പാടിയും കളിച്ചും ചിരിച്ചും അവധിക്കാലത്തെ വരവേറ്റ് വഞ്ചി വീട്ടിൽ കളിയാരവം. എരിഞ്ഞിക്കീൽ പീപ്പിൾസ് ബാലവേദിയാണ് അവധിക്കാലക്യാമ്പ് ഒരുക്കിയത്. കളിചിരികളും പരിസ്ഥിതി അറിവുകളുമൊക്കെയായി ഓളപ്പരപ്പിലൂടെയുള്ള യാത്ര കുട്ടികൾക്ക് ആവേശകരമായ അനുഭവമായി. അച്ചാംതുരുത്തിയിൽ നിന്നും അഴിത്തലവരെയായിരുന്നു യാത്ര. വിക്ടേഴ്സ് ചാനൽ അവതാരകനും അദ്ധ്യാപകനുമായ വിനയൻ പിലിക്കോട് കുട്ടികൾക്കൊപ്പം ചേർന്നു. മദ്ധ്യവേനലവധിക്കാലം സർഗാത്മകതയുടെയും വായനയുടേയുടേതുമാക്കി മാറ്റുക എന്ന ലക്ഷ്യത്തിൽ വൈവിധ്യമാർന്ന പരിപാടികൾ ബാലവേദി ആസൂത്രണം ചെയ്തിട്ടുണ്ട്. ഞായറാഴ്ചകളിൽ വായനകൂട്ടമായി കുട്ടികൾ ഒത്തുചേരും. ടി.വി.തമ്പാൻ ഉദ്ഘാടനം ചെയ്തു. ടി.വി.ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു.കെ.പുഷ്പരാജൻ, എം.പി.രാജേഷ്, കെ.വി.സുനിൽ കുമാർ, സുഫല, ജിഷ്ണു നേതൃത്വം നൽകി. ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ, സ്കൂളുകൾ എന്നിവയുടെയെല്ലാം നേതൃത്വത്തിലുള്ള ക്യാമ്പുകൾ അവധിക്കാലത്തിൻ്റെ ആദ്യം തന്നെ സജീവമാവുകയാണ്.