
കണ്ണൂർ: ലോക് സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരനെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ സി പി.എം സമൂഹമാധ്യമങ്ങളിൽ പ്രചരണം നടത്തുന്നുവെന്നാരോപിച്ച് യു.ഡി.എഫ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജില്ലാ ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി.സി പി.എമ്മിന്റെ അക്രമ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ചും ജനാധിപത്യവിരുദ്ധ നടപടികളെക്കുറിച്ചും കെ.സുധാകരൻ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് വക്രീകരിച്ച് പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കും വിധം കൃത്രിമ വീഡിയോ സൃഷ്ടിച്ച് വ്യാപകമായി പ്രചരിപ്പിക്കുകയാണ്. വാർത്താസമ്മേളനത്തിലും അഭിമുഖത്തിലും മറ്റും കെ.സുധാകരൻ നടത്തിയിട്ടുള്ള പരാമർശങ്ങളെയും ഇത്തരത്തിൽ വക്രീകരിച്ച് വ്യാപകമായി സി പി.എം ക്യാമ്പ് പ്രചരിപ്പിക്കുന്നുണ്ട്. കണ്ണൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ അറിവോടുകൂടിയാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ. ഇത്തരം വീഡിയോകൾ നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.