shaji-payyamabalam

അതിക്രമത്തിന് പിന്നിൽ രാഷ്ട്രീയമില്ല

കണ്ണൂർ: പയ്യാമ്പലത്തെ സ്മൃതികുടീരങ്ങളിൽ അതിക്രമം നടത്തിയ സംഭവത്തിൽ ബീച്ചിൽ കുപ്പി പെറുക്കി വിൽക്കുന്ന കണ്ണൂർ ചാല പടിഞ്ഞാറെക്കര സ്വദേശി ഷാജി അണയാട്ടിനെ(60) അറസ്റ്റ് ചെയ്തു. കണ്ണൂർ എ.സി.പി സിബി ടോം, ഇൻസ്‌പെക്ടർ കെ.സി. സുഭാഷ് ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ് അറിയിച്ചു.

പെറുക്കിയെടുത്ത കുപ്പിയിൽ അവശേഷിച്ച പാനീയം സ്മൃതികുടീരങ്ങളിൽ ഒഴിച്ചതായി ഇയാൾ സമ്മതിച്ചു. പ്രദേശത്തെ മുഴുവൻ സി.സി ടി.വി ദൃശ്യങ്ങളും പരിശോധിച്ച് സംശയം തോന്നിയവരെയെല്ലാം നിരീക്ഷണത്തിലാക്കി പൊലീസ് നടത്തിയ നീക്കമാണ് ഇയാളിലേക്കെത്തിച്ചത്.അത്രിക്രമം നടത്തിയ സ്ഥലത്ത് നിന്ന് മണംപിടിച്ച പൊലീസ് നായ ബീച്ചിലാണ് എത്തിയത്. സാമൂഹ്യവിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പൊലീസ് സംശയിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് മുൻ മുഖ്യമന്ത്രി ഇ.കെ.നായനാർ, സി.പി.എം മുൻ സെക്രട്ടറിമാരായിരുന്ന ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്ണൻ, മുൻ എം.പി ഒ.ഭരതൻ എന്നിവരുടെ സ്മൃതികുടീരങ്ങൾ കറുത്ത ലായനി ഒഴിച്ച് വികൃതമാക്കിയ നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയടക്കം അന്വേഷണത്തിന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സിറ്റി പൊലീസ് കമ്മിഷണർ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു.വ്യാഴാഴ്ച രാവിലെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ചരമദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയ്ക്കെത്തിയവരാണ് സംഭവം കണ്ടത്.


ക്യാമറ സ്ഥാപിച്ചു

സ്മൃതികുടീരങ്ങൾ ദൃശ്യമാകുന്ന രീതിയിൽ സമീപത്തെ ബാംബു കഫേ എന്ന സ്ഥാപനത്തിൽ സി.സി ടി.വി സ്ഥാപിച്ചു. പൊലീസ് കൺട്രോൾ റൂമിൽ ഇതിന്റെ ദൃശ്യങ്ങൾ ശേഖരിക്കും.