govindan

കാസർകോട്: കേരളത്തിലെ ഒരു മണ്ഡലത്തിലും ബി.ജെ.പിക്ക് ജയിക്കാൻ കഴിയുന്ന രാഷ്ട്രീയ സാഹചര്യം ഇല്ലെന്നും മതവർഗീയ നിലപാടുകൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ യോജിച്ചുപോവുകയാണെന്നും സി പി. എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. കാസർകോട് പ്രസ് ക്ലബിന്റെ ജനസഭ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൽ നിന്ന് പതിനെട്ട് യു.ഡി.എഫ് എം.പിമാർ കേന്ദ്രത്തിലേക്ക് പോയിട്ട് കേരളത്തിന് ഒരു നേട്ടവും ഉണ്ടായിട്ടില്ല. സംസ്ഥാനസർക്കാർ വികസനപദ്ധതികൾ നടത്തുമ്പോൾ കേന്ദ്രസഹായത്തിന് വേണ്ടി ശബ്ദിക്കാത്തവരാണ് ഈ എം.പിമാരെന്നും അദ്ദേഹം പറഞ്ഞു

രാജ്യത്തെ വിഭജിച്ചു മതരാഷ്ട്രമാക്കാനുള്ള ശ്രമങ്ങൾ നടക്കില്ല. വർഗീയമായി ആളുകളെ ഭിന്നിപ്പിക്കുകയാണ് കേന്ദ്രസർക്കാരും ആർ.എസ്.എസും ചെയ്യുന്നത്. ഇന്ത്യയെ പേരുമാറ്റി ഹിന്ദു രാഷ്ട്രമാക്കാനുള്ള നീക്കം ആർ.എസ്. എസ് അജണ്ടയാണ്. അത് ഇവിടെ വിലപ്പോകില്ല.രാജ്യത്തെ നൂറ്റാണ്ടുകളുടെ പിറകിലേക്ക് കൊണ്ടുപാകാനുള്ള ശ്രമത്തിനെ പ്രതിരോധിക്കാൻ ഇടതു ജനാധിപത്യ മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്‌മ രാജ്യത്ത് വളർന്നുവരികയാണ്. 2019ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 37 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. 63 ശതമാനം വോട്ടുകളും മറ്റു പാർട്ടികൾക്കാണ് . അവരെയെല്ലാം ചേർത്ത് മുന്നോട്ടുപോകാനാണ് നമ്മുടെ ശ്രമം. ആ വെപ്രാളത്തിലാണ് ബി.ജെ.പിയുള്ളത്. ഇലക്ഷൻ ഫണ്ട് തട്ടിപ്പ് കൂടി പുറത്തുവന്നതോടെ ബി.ജെ.പിയുടെ വേവലാതി വർദ്ധിച്ചു. പ്രതിക്കൂട്ടിലായ ബി.ജെ.പി സമൂഹത്തിൽ വിവസ്ത്രയാക്കിയ അവസ്ഥയിലാണുള്ളത്. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇലക്ഷൻ ഫണ്ട് തട്ടിപ്പ്. ഈ ബോണ്ടിനെ എതിർത്ത ഒരേയൊരു പാർട്ടി സി പി.എം മാത്രമാണ്. രാജ്യത്തെ എല്ലാ പെരുങ്കള്ളന്മാരെയും ഇ.ഡിയെ വിട്ട് ഭീഷണിപ്പെടുത്തി കോടികൾ പിരിക്കുകയാണ് കേന്ദ്രഭരണക്കാർ-എം.വി.ഗോവിന്ദൻ പറഞ്ഞു.

പ്രതിപക്ഷ പാർട്ടികളുടെ ഐക്യനിര ഉണ്ടാക്കാൻ കഴിയാത്ത പാർട്ടിയായി കോൺഗ്രസ് മാറിയതാണ് ഏറ്റവും വലിയ ദുരന്തം. പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തിൽ അവസരവാദ നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. നേതൃത്വം കൃത്യമായ നിലപാട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബി.ജെ.പി നിലപാടിനെ അതിനിശിതമായി വിമർശിക്കാൻ സി പി.എമ്മിന് മാത്രമാണ് കഴിഞ്ഞത്. മതന്യൂനപക്ഷ വിഭാഗങ്ങളെ ഇല്ലാതാക്കുന്ന നിയമത്തിനെതിരെ തിരഞ്ഞെടുപ്പിന് ശേഷവും പറയുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. സി പി. എം ജില്ലാ സെക്രട്ടറി അഡ്വ.സി എച്ച്.കുഞ്ഞമ്പുവും സംബന്ധിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി.പത്മേഷ് സ്വാഗതം പറഞ്ഞു.