
കണ്ണൂർ: മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ കൊടപ്പനക്കൽ തറവാട്ടിലെത്തിയും കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരെ അദ്ദേഹത്തിന്റെ വസതിയിലുമെത്തി സന്ദർശിക്കുകയായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ ഇന്നലെ.സാദിഖലി ശിഹാബ് തങ്ങളുമായും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയുമായും സുധാകരൻ കൂടിക്കാഴ്ച നടത്തി.
സംസ്ഥാന സർക്കാരിനെതിരെ ജനാഭിപ്രായം ശക്തമാണ്. യു.ഡി.എഫിന് തിരഞ്ഞെടുപ്പിൽ ആശങ്കയില്ല. കോൺഗ്രസിന്റെ പണം തടഞ്ഞുവെക്കുകയാണ് കേന്ദ്രം. ബി.ജെ.പിയെ പോലെ ഇത്ര നെറികെട്ട ജനാധിത്യ വിരുദ്ധ നടപടി ഒരു പാർട്ടിയും നടത്തില്ല. ഇത്ര തറയാകരുത് ഭരണകൂടമെന്നും സുധാകരൻ വിമർശിച്ചു.
തെറ്റായ വഴിക്ക് അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ബുദ്ധിക്കേ ഇത്തരം നടപടികൾ സാധ്യമാകൂ. കേരളത്തിൽ നാട്ടുകാരെ സമീപിച്ചു പണം കണ്ടെത്തും. കേരളത്തിൽ ബി.ജെ.പിക്കു കാര്യമായി സ്വാധീനമുള്ള മണ്ഡലം ഇല്ല. കോൺഗ്രസ് അധികാരത്തിൽ വന്നാൽ സി എ.എ അറബിക്കടലിൽ കൊണ്ടു പോയി കളയുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.