javadekkar

കാസർകോട്: മോദി ഭരണത്തിൽ വിവേചനം ഇല്ലെന്നും മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി എല്ലാ പൗരൻമാരും ഏതെങ്കിലും കേന്ദ്രപദ്ധതിയുടെ ഗുണഭോക്താക്കളാണെന്നും പ്രകാശ് ജാവേദ്കർ. കാസർകോട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ചിത്രം വ്യത്യസ്തമാണ്. 2019-ൽ കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന വോട്ടർമാർ രാഹുൽഗാന്ധി പ്രധാനമന്ത്രി ആകുമെന്ന് വിശ്വസിച്ചിരുന്നു അതുകൊണ്ട് തന്നെ കോൺഗ്രസ് നേട്ടമുണ്ടാക്കി. പക്ഷേ ഇത്തവണ അങ്ങനെ ആരും കരുതുന്നില്ലെന്നും ജാവദേക്കർ പറഞ്ഞു.

5.8 കോടി ആളുകൾക്ക് കൊവിഡ് വാക്സിൻ, കഴിഞ്ഞ 40 മാസങ്ങളായി 1.5 കോടി ആളുകൾക്ക് സൗജന്യ അരി ലഭിക്കുന്നു. അത് ഇനിയും 60 മാസങ്ങൾ കൂടി തുടരും. ഇത് ലോകത്തിലെ തന്നെ ചരിത്ര സംഭവമാണ്. സംരംഭങ്ങൾക്ക് 50,000 രൂപ മുതൽ 10 ലക്ഷം വരെ വായ്പ്പ ലഭിക്കുന്ന മുദ്രാ യോജനയുടെ ഉപഭോക്താക്കൾ 50 ലക്ഷമാണ്. പത്തു ലക്ഷം വീടുകളിൽ ജൽ ജീവൻ മിഷൻ പദ്ധതിക്ക് കീഴിൽ വാട്ടർ ടാപ്പ് കണക്ഷനുകൾ, 32 ലക്ഷം കർഷകർക്ക് കിസാൻ സമ്മാന നിധി പ്രകാരം 32,000 രൂപ വീതം ലഭിച്ചു. നാലു ലക്ഷം സ്ത്രീകൾക്ക് ഉജ്ജ്വല ഗ്യാസ് പദ്ധതിക്ക് കീഴിൽ 500 രൂപ സബ്സിഡി നിരക്കിൽ പാചകവാതക സിലിണ്ടറുകൾ ലഭിക്കുന്നുവെന്നു ജാവദേക്കർ പറഞ്ഞു.എൻ.ഡി.എ ലോകസഭാ മണ്ഡലം ചെയർമാൻ രവീശ തന്ത്രി, ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ജില്ലാ ജനറൽ സെക്രട്ടറിമാരായ എ. വേലായുധൻ, വിജയ് കുമാർ റൈ എന്നിവർ പങ്കെടുത്തു.

മോദി സർക്കാരിന് വേഗത

കേരളത്തിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു മെഡിക്കൽ കോളജിന് തറക്കല്ലിട്ടാൽ അടുത്ത തിരഞ്ഞെടുപ്പ് സമയത്താണ് അതിന്റെ അടിസ്ഥാന നിർമ്മിതി പൂർത്തിയാകുന്നത്. എന്നാൽ മോദി സർക്കാർ ഒരു നിർമ്മാണം തുടങ്ങിയാൽ അത് എത്രയും പൂർത്തീകരിക്കുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.