ചെറുവത്തൂർ: കൊടക്കാട് ഗ്രാമത്തിലെ നെൽവയലുകളെ പൂർണ്ണമായും കൃഷിയിലേക്ക് കൊണ്ടുവരാൻ കൊടക്കാട് ബാങ്കിന്റെ നേതൃത്വത്തിൽ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നു. കൊടക്കാട്, പാടിക്കീൽ, പുത്തിലോട്ട്, ആനിക്കാടി എന്നീ നാലുപാടശേഖരങ്ങളിൽ പരമാവധി ഇരിപ്പൂകൃഷി സാദ്ധ്യമാകുന്ന വിധത്തിൽ ജനകീയ ഇടപെടലിലൂടെ പ്രവർത്തനങ്ങൾ നടപ്പിലാക്കാനാണ് നീക്കം.
കൊടക്കാട് ബാങ്ക് മിനി ഓഡിറ്റോറിയത്തിൽ കർഷകരും സാങ്കേതികവിദഗ്ദ്ധരും ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരുടെ പ്രതിനിധികളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ പദ്ധതികൾക്ക് അന്തിമരൂപം നൽകി. പരമാവധി യന്ത്രവൽക്കരണത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ശാസ്ത്രീയ കൃഷിരീതിയിലൂടെ അത്യുല്പാദന ശേഷിയുള്ള വിത്തുകൾ ലഭ്യമാക്കി നെൽകൃഷി ലാഭകരമാക്കാനുള്ള നടപടികളാണ് കൈക്കൊള്ളുന്നത്.
പുത്തിലോട്ട്, പാടിക്കീൽ പാടശേഖര കമ്മിറ്റികളുടെ യോഗങ്ങൾ ഇതിനകം നടന്നു കഴിഞ്ഞു. ആനിക്കാടി പാടശേഖരത്തില കർഷകരുടെ യോഗം 3ന് വൈകുന്നേരം ആനിക്കാടി ക്ഷീര സംഘം ഓഫീസ് പരിസത്തും കൊടക്കാട് പാടശേഖരത്തിലെ കൃഷിക്കാരുടെ യോഗം 4ന് വൈകുന്നേരം 4.30 ന് കൊടക്കാട് നായനാർ ലൈബ്രറി ഓഡിറ്റോറിയത്തിലും നടക്കും.
കൃഷിയുടെ ഓരോ ഘട്ടത്തിലും ഉത്സവാന്തരീക്ഷം ഉണ്ടാക്കുന്നതിന് കലാസമിതികൾ, വായനശാലകൾ, അയൽക്കൂട്ടം കുടുംബ ശ്രീ, സ്വയം സഹായ സംഘങ്ങൾ, സ്കൂൾ എൻ.എസ്.എസ് യൂണിറ്റുകൾ ഇവയുടെ ഇടപെടൽ സാധ്യമാക്കും. വെള്ളച്ചാലിൽ ചേർന്ന സംഘകൃഷി കേന്ദ്ര കമ്മിറ്റി യോഗത്തിൽ ചെയർമാൻ രവീന്ദ്രൻ കൊടക്കാട് അദ്ധ്യക്ഷനായി. സെക്രട്ടറി കെ. ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് പി.പി. ചന്ദ്രൻ, സെക്രട്ടറി കെ. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.
തൊഴിലാളി ക്ഷാമം പരിഹരിക്കാൻ ലേബർ ബാങ്ക്
ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെ പാടശേഖരങ്ങളിലെ വെള്ളക്കെട്ടുകൾ ഒഴിവാക്കാനും രണ്ടാം വിളക്ക് വെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്താനാവശ്യമായ തടയണകൾ നിർമ്മിക്കുന്നതിനും പദ്ധതികൾ
വിത്തുകൾക്കുപുറമെ നിലമുഴുന്നതിനുള്ള ട്രാക്റ്റർ, ടില്ലർ, നടീൽ യന്ത്രങ്ങൾ, കൊയ്ത്ത് യന്ത്രം ഇവ യഥാസമയം കൃഷിക്കാർക്കു ലഭ്യമാക്കും
വയലിൽ പണിയെടുക്കാൻ സന്നദ്ധതയുള്ള തൊഴിലാളികളെ ചേർത്ത് ലേബർ ബാങ്ക് ഉണ്ടാക്കും
പദ്ധതികൾ കൃത്യതയോടെ നടപ്പിൽ വരുത്തുന്നതിനായി പാടശേഖര കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കും.
ഓരോ പാടശേഖരത്തിലെയും പത്തോപതിനഞ്ചോ കൃഷിക്കാരുടെ ക്ലസ്റ്ററുകളുണ്ടാക്കി കൂട്ടുകൃഷിയുടെ സാധ്യതകൾ പരിശോധിക്കും
കൃഷിക്കാരിൽ നിന്ന് നെല്ല് ശേഖരിച്ച് അരിയും അരിയുടെ മൂല്യവർദ്ധിത ഉത്പന്നങ്ങളുമുണ്ടാക്കും.