pipe-line
സിറ്റി ഗ്യാസ് പദ്ധതി

കാഞ്ഞങ്ങാട്: വീടുകളിലും ഇന്ധന പമ്പുകളിലും പ്രകൃതി വാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി കാസർകോട് ജില്ലയിൽ യാഥാർത്ഥ്യമാവുന്നു. ഗെയിൽ പദ്ധതിയുടെ ഭാഗമായുള്ള ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ്‌ പ്രൈവറ്റ് ലിമിറ്റഡിന്റെ (ഐ.ഒ.എ.ജി.പി.എൽ) സിറ്റി ഗ്യാസ് പദ്ധതി കാഞ്ഞങ്ങാട് ജൂണിൽ സജ്ജമാകും.

ഗ്യാസ് വിതരണം ചെയ്യുന്നതിനുള്ള കേന്ദ്രമായ സിറ്റി ഗ്യാസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ കോട്ടപ്പാറക്കടുത്ത് നെല്ലിത്തറയിൽ പൂർത്തിയായി. ആദ്യഘട്ടത്തിൽ സിറ്റി ഗ്യാസ് സ്റ്റേഷൻ പരിധിയിൽ എറ്റവുമടുത്തുള്ള അജാനൂർ പഞ്ചായത്ത്,​ കാഞ്ഞങ്ങാട് നഗരസഭാ എന്നിവിടങ്ങളിലായി ആയിരത്തോളം വീടുകൾക്ക് പദ്ധതി വഴി പാചകവാതക കണക്ഷൻ ലഭ്യമാക്കും. ഇതുമായി ബന്ധപ്പെട്ട വീടുകളിൽ ഗ്യാസ് എത്തിക്കുന്നതിനായി എട്ട് ഇഞ്ച് വ്യാസത്തിലുള്ള സ്റ്റീൽ മെയിൻ ലൈൻ പൈപ്പ് ഇടുന്ന പ്രവൃത്തിയും നടന്നുവരികയാണ്. പൈപ്പുകൾ വഴി വീടുകളിൽ നേരിട്ട് പാചകവാതകം എത്തിക്കുന്ന കാഞ്ഞങ്ങാട്ടെ സിറ്റി ഗ്യാസിന്റെ ഗാർഹിക കണക്ഷനുകൾ ജൂൺ മാസം അവസാനത്തോടെ നൽകാനാവുമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ സുരക്ഷിതവും ലാഭകരവുമാണെന്നുള്ളത് കൊണ്ട് ഉപഭോക്താക്കൾ താൽപര്യത്തോടെയാണ് സിറ്റി ഗ്യാസ് പദ്ധതിയെ നോക്കിക്കാണുന്നത്.

20 ശതമാനം വിലക്കുറവ്

സുരക്ഷിതമായ പോളി എത്തിലീൻ പൈപ്പുകൾ ഉപയോഗിച്ചാണ് വീടുകളിൽ ഗ്യാസ് എത്തിക്കുക. വീടുകളിൽ കണക്ഷൻ എടുക്കുന്നതിനായി ഒരു നിശ്ചിത ഡെപ്പോസിറ്റ് തുക അടക്കണം. പിന്നീടുള്ള പരിപാലനം കമ്പനി പൂർണമായും ഏറ്റെടുക്കും. സബ്സിഡി ഇല്ലാത്ത ഗ്യാസിനേക്കാൾ 20 ശതമാനത്തോളം വിലക്കുറവിൽ സിറ്റി ഗ്യാസ് വഴി പാചകവാതകം വീടുകളിലെത്തിക്കും. ഉപയോഗത്തിന് അനുസരിച്ച് മാസത്തിൽ പണം അടച്ചാൽ മതി. പൈപ്പ് വഴിയുള്ള പാചകവാതകം ഏത് സമയത്തും ലഭ്യമായിരിക്കുമെന്നതാണ് പ്രധാന ആകർഷണം.

കൂടുതൽ സുരക്ഷിതം

ഓരോരുത്തരുടെയും ആവശ്യത്തിന് അനുസരിച്ച് ഗ്യാസ് ഉപയോഗിക്കാമെന്ന സൗകര്യവും ഇതിനുണ്ട്. എൽ.പി.ജിയേക്കാൾ ഭാരം കുറവാണെന്നതിനാൽ പൈപ്പ് വഴിയുള്ള പ്രകൃതിവാതകത്തിന് സുരക്ഷിതത്വം കൂടുതലാണ്. വായുവിനേക്കാൾ ഭാരം കുറഞ്ഞ പി.എൻ.ജി ചോർച്ചയുണ്ടായാൽ പെട്ടെന്നു തന്നെ മുകളിലേക്ക് ഉയർന്നുപോവുന്നതിനാൽ അപകടസാദ്ധ്യത കുറവാണ്.