flex
ജില്ലാ എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് ഏഴോം പഞ്ചായത്ത് പരിധിയിൽ നിന്ന് പിടിച്ചെടുത്ത ബാനറകളിലൊന്ന്

കണ്ണൂർ: തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ഫ്ലക്സുകൾ ഉപയോഗിക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടും രാഷ്ട്രീയ പാർട്ടികൾ വിലകൽപ്പിക്കുന്നില്ല. നിരോധിത ഫ്ലക്സുകൾ ഉപയോഗിച്ചതിന് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നായി ജില്ലയിൽ ഇതുവരെ പിഴ ഈടാക്കിയത് ഒരുലക്ഷം രൂപ.

തിരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിച്ചതോടെ സ്ഥാനാർത്ഥികളുടെ വിവിധ പോസുകളിലുള്ള ഫ്ലക്സ് ​ബോർഡുകൾ പലയിടങ്ങളിലായി ഇടംപിടിക്കുകയാണ്. പരിസ്ഥിതി സൗഹൃദമാക്കി തിരഞ്ഞെടുപ്പ് നടത്തേണ്ടതിനാൽ പ്രചരണ സാമഗ്രികൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. പി.വി.സി ഫ്ലക്സുകളും പ്ലാസ്റ്റിക് തോരണങ്ങളും നിരോധിച്ചിട്ടുണ്ട്. ഹരിതപെരുമാറ്റച്ചട്ടം പാലിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ ഭരണകൂടവും. ഇതിന്റെ ഭാഗമായി നിരോധിത ഫ്ലക്സ് ബോർഡുകൾക്കെതിരെയും നിയമപരമായ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെതിരെയും ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് കാര്യമായ പരിശോധന തുടങ്ങിയിട്ടുണ്ട്.

നിലവിൽ ജില്ലയിൽ 12 സ്ഥാപനങ്ങൾക്കെതിരെയാണ് നടപടിയുണ്ടായത്. സ്‌ക്വാഡ് ഏഴോം പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ നിരോധിത ഫ്ലക്സിൽ ബാനർ തയാറാക്കിയതിന് പഴയങ്ങാടിയിലെ റീജന്റ് ടവറിലെ ലാപിസ് അഡ്വർടൈസിംഗ് ഏജൻസിക്ക് 10,000 രൂപ കഴിഞ്ഞദിവസം പിഴ ചുമത്തി. സ്ഥാപനത്തിന്റെ പ്രിന്റിംഗ് യൂനിറ്റിൽ സൂക്ഷിച്ച മൂന്ന് റോൾ നിരോധിത ഫ്ലക്സും സ്‌ക്വാഡ് പിടിച്ചെടുത്തു.

കഴിഞ്ഞയാഴ്ചയും തളിപ്പറമ്പ് മേഖലയിൽ നിരോധിത ഫ്ലക്സ് പിടിച്ചെടുത്തിരുന്നു. പയ്യന്നൂരിൽനിന്ന് നിയമപ്രകാരമുള്ള വിവരങ്ങൾ രേഖപ്പെടുത്താതെ പ്രിന്റ് ചെയ്ത ബാനർ പിടിച്ചെടുത്ത് 10,000 രൂപ പിഴ ചുമത്തിയിരുന്നു.

ഉപയോഗിക്കാം പോളിയെത്തലിൻ ഫ്ലക്സുകൾ

1.നിരോധിത ഉത്പന്നമല്ലെന്ന് കാണിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് നൽകുന്ന സാക്ഷ്യപത്രമുള്ള ഉത്പന്നങ്ങൾ മാത്രമേ പ്രിന്റിംഗിനായി ഉയോഗിക്കാവൂ.

2.പരസ്യ ബോർഡുകൾ, സൂചകങ്ങൾ തുടങ്ങിയവ പൂർണമായും കോട്ടൺ, പേപ്പർ, പോളിയെത്തലിൻ എന്നിവയിൽ മാത്രമേ നിർമ്മിക്കാൻ പാടുള്ളൂ.

3.പി.വി.സി ഫ്ളക്സുകൾ, ബാനറുകൾ, ബോർഡുകൾ, പ്ലാസ്റ്റിക് തോരണങ്ങൾ എന്നിവ സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും പ്രചരണത്തിനായി ഉപയോഗിക്കരുത്.

4.കൊറിയൻ ക്ലോത്ത് നൈലോൺ, പോളിസ്റ്റർ കൊണ്ടുള്ള ബോർഡ് തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശമോ ആവരണമോ ഉള്ള പുനഃചംക്രമണ സാധ്യതയില്ലാത്ത എല്ലാ തരം സാമഗ്രികളുടെയും ഉപയോഗം ഒഴിവാക്കണം.

5.ഫ്ളക്സിൽ സ്ഥാപനത്തിന്റെ പേര്, ഫോൺ നമ്പർ, മലിനീകരണ നിയന്ത്രണ ബോർഡ് നൽകുന്ന മെറ്റീരിയൽ സർട്ടിഫിക്കറ്റിന്റെ ക്യൂ.ആർ കോഡ്, റീസൈക്കിൾ ലോഗോ എന്നിവ നിർബന്ധമാണ്‌.

തെർമോക്കോൾ അക്ഷരങ്ങൾക്കും പിഴ

തിരഞ്ഞെടുപ്പ് പ്രചരണത്തിനായോ പരസ്യങ്ങൾക്ക് വേണ്ടിയോ നിർമ്മിക്കുന്ന കമാനങ്ങളിലും ബോർഡുകളിലും തെർമോക്കോൾ ഉപയോഗിച്ചുള്ള അക്ഷരങ്ങൾ ഉപയോഗിക്കുന്നത് പിഴ ചുമത്താവുന്ന കുറ്റമാണ്. തെർമോക്കോൾ നിരോധിത ഉത്പന്നമായതിനാൽ സൂക്ഷിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് 10,000 രൂപ പിഴ ചുമത്താവുന്ന കുറ്റമാണെന്ന് ജില്ല ഗ്രീൻ പ്രോട്ടോകോൾ നോഡൽ ഓഫിസർ അറിയിച്ചു.