കണ്ണൂർ: ലോക്‌സഭ തിരഞ്ഞെടുപ്പുമായി പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ റാൻഡമൈസേഷൻ പൂർത്തിയായി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ അരുൺ കെ.വിജയന്റെ അദ്ധ്യക്ഷതയിലാണ് റാൻഡമൈസേഷൻ നടത്തിയത്. ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ജീവനക്കാർക്കുള്ള പോസ്റ്റിംഗ് ഓർഡർ ഓൺലൈനായി സ്ഥാപന മേധാവികൾക്ക് അയച്ചു.

പോസ്റ്റിംഗ് ഓർഡർ സോഫ്‌റ്റ്‌വെയർ മുഖേന ഡൗൺലോഡ് ചെയ്ത് ഉടൻ അതത് ജീവനക്കാർക്ക് സ്ഥാപനമേധാവികൾ നൽകണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജീവനക്കാർക്ക് ഓർഡർ നൽകിയതിന്റെ സ്റ്റാറ്റസ് സ്ഥാപന മേധാവികൾ ഓർഡർ സോഫ്‌റ്റ്‌വെയറിൽ അപ്‌ഡേറ്റ് ചെയ്യണം. പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ എന്നിവർക്ക് ഏപ്രിൽ മൂന്ന്, നാല് തീയതികളിൽ വിവിധ സെന്ററുകളിൽ പരിശീലനം നൽകും.

ജോലി ചെയ്യുന്ന അസംബ്ലി മണ്ഡലത്തിലെ പരിശീലന ക്ലാസുകളിൽ ഉദ്യോഗസ്ഥർ പങ്കെടുക്കണം. പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ പരിശീലന ക്ലാസിൽ നൽകും. ക്ലാസിനെത്തുന്ന ഉദ്യോഗസ്ഥർ വോട്ട് ചെയ്യുന്ന അസംബ്ലി മണ്ഡലത്തിലെ പോളിംഗ് ബൂത്ത് നമ്പർ, ക്രമനമ്പർ, ഇലക്ഷൻ ഐഡി കാർഡിന്റെ പകർപ്പ് എന്നിവയും കൊണ്ടുവരണം. ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന റാൻഡമൈസേഷനിൽ ട്രെയിനിംഗ് മാനേജ്‌മെന്റ് നോഡൽ ഓഫീസർ നെനോജ് മേപ്പടിയ്യത്ത്, മാൻപവർ മാനേജ്‌മെന്റ് നോഡൽ ഓഫീസർ പി.പ്രേംരാജ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ബി.രാധാകൃഷ്ണൻ, ജില്ലാ ഇൻഫോർമാറ്റിക്സ് ഓഫീസർ കെ.രാജൻ എന്നിവർ പങ്കെടുത്തു.


സ്‌ട്രോംഗ് റൂമുകളുടെ സുരക്ഷ വിലയിരുത്തി കളക്ടർ

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടിംഗ് മെഷീനുകളുടെയും അനുബന്ധ സാമഗ്രികളുടെയും സൂക്ഷിപ്പ്, സ്വീകരണ വിതരണ കേന്ദ്രങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അരുൺ കെ.വിജയൻ വിലയിരുത്തി. അഞ്ച് കേന്ദ്രങ്ങളിലാണ് ഞായറാഴ്ച സന്ദർശനം നടത്തിയത്. ധർമ്മടം മണ്ഡലത്തിലെ തോട്ടട എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്‌കൂൾ, മട്ടന്നൂർ മണ്ഡലത്തിലെ മട്ടന്നൂർ ഹയർസെക്കൻഡറി സ്‌കൂൾ, പേരാവൂർ മണ്ഡലത്തിലെ തുണ്ടിയിൽ സെന്റ് ജോസഫ് ഹൈസ്‌കൂൾ, വടകര ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെട്ട തലശ്ശേരി നിയോജക മണ്ഡലത്തിലെ ഗവ. ബ്രണ്ണൻ കോളേജ്, കൂത്തുപറമ്പ് മണ്ഡലത്തിലെ നിർമലഗിരി കോളേജ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലെത്തിയാണ് ഇ.വി.എം സ്‌റ്റോക്ക് റൂം, ഇ.വി.എം റിപ്പയർ റൂം, വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷൻ റൂം, സ്‌ട്രോംഗ് റൂം തുടങ്ങിയവയുടെ സുരക്ഷ വിലയിരുത്തിയത്. സുരക്ഷ കൂടുതൽ ശക്തമാക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ കളക്ടർ ഉദ്യോഗസ്ഥർക്ക് നൽകി. എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്‌കൂളിൽ ധർമ്മടം മണ്ഡലം അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ എ.ബി സത്യൻ, ഇ.ആർ.ഒ പ്രമോദ് പി.ലാസർ തുടങ്ങിയവരും കളക്ടർക്കൊപ്പം ഉണ്ടായിരുന്നു.

പരിശീലന ക്ലാസുകൾ നടക്കുന്ന സ്ഥാപനങ്ങൾ

പയ്യന്നൂർ: എ.കുഞ്ഞിരാമൻ അടിയോടി സ്മാരക സ്‌കൂൾ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാൾ
കല്യാശ്ശേരി: കല്യാശ്ശേരി കെ.പി.ആർ ഗോപാലൻ സ്മാരക സ്‌കൂൾ
തളിപ്പറമ്പ്: കിലാ സെന്റർ ഫോർ ഓർഗാനിക് ഫാമിംഗ് ആൻഡ് വേസ്റ്റ് മാനേജ്‌മെന്റ് കരിമ്പം
ഇരിക്കൂർ: ശ്രീകണ്ഠാപുരം ഹയർസെക്കൻഡറി സ്‌കൂൾ
അഴീക്കോട്: കൃഷ്ണമേനോൻ മെമ്മോറിയൽ വനിതാ കോളേജ് പള്ളിക്കുന്ന്
കണ്ണൂർ: ചൊവ്വ ഹയർ സെക്കൻഡറി സ്‌കൂൾ
ധർമ്മടം: ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ചാല
തലശ്ശേരി: ഗവ. ബ്രണ്ണൻ കോളേജ് ടീച്ചർ എജുക്കേഷൻ തലശ്ശേരി, വി.ആർ.കൃഷ്ണയ്യർ സ്മാരക മുനിസിപ്പൽ സ്റ്റേഡിയം ഹാൾ
കൂത്തുപറമ്പ്: കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്‌കൂൾ, തൊക്കിലങ്ങാടി
മട്ടന്നൂർ: മട്ടന്നൂർ ഹയർ സെക്കൻഡറി സ്‌കൂൾ
പേരാവൂർ: സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ തുണ്ടിയിൽ