jwala
jwala

കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മിറ്റി കിഡ്സൺ കോർണറിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ഉദ്ഘാടനം ചെയ്തു. സിദ്ധാർത്ഥിന്റെ കൊലപാതകത്തിൽ പോപ്പുലർ ഫ്രണ്ട് - എസ്.എഫ്.ഐ ബന്ധം വ്യക്തമായതായി സുരേന്ദ്രൻ ആരോപിച്ചു. പോപ്പുലർ ഫ്രണ്ടുകാരായ എസ്.എഫ്.ഐക്കാരായതുകൊണ്ടാണ് സി.പി.എമ്മും സർക്കാരും ഒരു നടപടിയും ശക്തിപ്പെടുത്താത്തത്. കേരളത്തിൽ പോപ്പുലർ ഫ്രണ്ട് നിരോധിക്കപ്പെട്ടതോടെ കാമ്പസ് ഫ്രണ്ടിന്റെ പ്രവർത്തകരെല്ലാം എസ്.എഫ്.ഐയിൽ ചേർന്നിരിക്കുകയാണ്. കാമ്പസ് ഫ്രണ്ടുകാർ എസ്.എഫ്.ഐയിൽ നുഴഞ്ഞുകയറി അവരുടെ സ്വാധീനത്തിലാണ് കേരളത്തിലെ എസ്.എഫ്.ഐ പ്രവർത്തിക്കുന്നത്. മഹാരാജാസിൽ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യു കൊല്ലപ്പെട്ടപ്പോൾ പ്രതികൾ പി.എഫ്.ഐ പ്രവർത്തകരായതിനാൽ അവരെ സഹായിക്കുന്ന നിലപാടാണ് സി.പി.എം. സ്വീകരിച്ചത്. സിദ്ധാർത്ഥിന്റെ കൊലയാളികൾ പോപ്പുലർ ഫ്രണ്ടുകാരായതിനാൽ പൊലീസ് ഒരു നടപടി യും സ്വീകരിക്കാൻ പോകു ന്നില്ല. ഉത്തരവാദികളായ എസ്.എഫ്.ഐ നേതാക്കൾ പൊലീസ് സഹായത്തോടെ ഒളിവിലാണ്. എസ്.എഫ്.ഐയും പി.എഫ്.ഐയും കേരളത്തിൽ പരസ്പരം തിരിച്ചറിയാൻ കഴിയാത്ത സംഘടനകളായി. മുസ്ലിം വോട്ടിന് വേണ്ടി ഏതറ്റംവരെയും പോകാനാണ് സി.പി.എം ശ്രമിക്കുന്നത്. മാർക്സിസ്റ്റ് പാർട്ടി എങ്ങോട്ടാണ് പോകുന്നതിന്റെ തെളിവാണ് സഖാവ് കരീം കരീംക്കയായത്. സദാചാര പൊലീസിന്റെ വക്താക്കളായി എസ്.എഫ്.ഐക്കാർ മാറി. മുസ്ലിം പെൺകുട്ടിയോട് സംസാരിക്കുന്നത് കൊലപ്പെടുത്താൻ മാത്രമുള്ള കുറ്റമാണോ.തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എല്ലാ ഭീകരൻമാരെയും അക്രമകാരികളെയും സഹായിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണം. ഭീകരവാദികളുമായുള്ള ചങ്ങാത്ത ആക്രമണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയിൽകൊണ്ടുവരും. സിദ്ധാർത്ഥിന്റെ കൊലപാതകത്തിന് പിന്നിൽ മതപരവും വർഗീയമായ കാരണങ്ങളുണ്ട്. ശരിയായ അന്വേഷണത്തിന് സർക്കാർ തയ്യാറായില്ലെങ്കിൽ ഗുരുതര പ്രത്യാഘതം നേരിടേണ്ടി വരും. പക്ഷി ചത്താൽ പ്രതികരിക്കുന്ന കേരളത്തിലെ സാംസ്ക്കാരിക നായകർ മാളത്തിൽ ഒളിച്ചിരിക്കുകയാണ്. ഇവരെ ചെരിപ്പു മാല അണിയിക്കേണ്ടവരാണെന്നും സുരേന്ദ്രൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ്, ജില്ലാ സഹപ്രഭാരി കെ.നാരായണൻ, മേഖല പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ, നവ്യാ ഹരിദാസ്, ഇ. പ്രശാന്ത് കുമാർ, അഡ്വ.രമ്യ മുരളി, ശശിധരൻ നാരങ്ങയിൽ എന്നിവർ പ്രസംഗിച്ചു.