
കോഴിക്കോട്: വിദേശത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഇന്നലെ മലയാളത്തിന്റെ 'നീലക്കുറിഞ്ഞി' പൂത്തു. മലയാള മിഷന്റെ ആദ്യ നീലക്കുറിഞ്ഞി ബാച്ചിൽ മലയാളം പരീക്ഷയെഴുതിയത് 152പേർ. എസ്.എസ്.എൽ.സി പരീക്ഷ മോഡലിലായിരുന്നു പരീക്ഷ.
മലയാളം മിഷൻ നീലക്കുറിഞ്ഞി സീനിയർ ഹയർ ഡിപ്ലോമ കോഴ്‌സ് സർട്ടിഫിക്കറ്റ് (എം.എൻ.സി.സി) പരീക്ഷയാണ് നടന്നത്. സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള മലയാളം മിഷനുവേണ്ടി പരീക്ഷാഭവനാണ് പരീക്ഷ നടത്തിയത്.
ഡൽഹി, തമിഴ്‌നാട്, മുംബയ് എന്നിവിടങ്ങളിൽ നിന്നുള്ള ഒമ്പത് കുട്ടികൾ കോഴിക്കോട്ടും പുതുച്ചേരി, ബഹ്‌റൈൻ എന്നിവിടങ്ങളിലെ മൂന്ന് കുട്ടികൾ എറണാകുളത്തും തമിഴ്‌നാട്ടിലെ രണ്ട് കുട്ടികൾ തിരുവനന്തപുരത്തും പരീക്ഷയെഴുതി. ഡൽഹി, മുംബയ് , ചെന്നൈ, ഗോവ, പുതുച്ചേരി, ബഹ്‌റൈൻ സെന്ററുകളിൽ 138 കുട്ടികളും മലയാളമെഴുതി. എല്ലാസെന്ററുകളിലേയും പരീക്ഷ തിരുവനന്തപുരം പരീക്ഷ ഭവനിൽ നിന്ന് നേരിട്ടാണ് മോണിറ്ററിംഗ് നടത്തിയത്.
2019ൽ പൊതുവിദ്യാഭ്യാസ വകുപ്പ് പത്താം തരം ഭാഷാ പ്രാവീണ്യ തുല്യത നൽകി നീലക്കുറിഞ്ഞി കോഴ്‌സിനെ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പത്താം തരം വരെയോ പ്ലസ്ടു ബിരുദ തലത്തിലോ മലയാളം ഐച്ഛികമയോ അല്ലാതെയോ പഠിക്കാതെ സർക്കാർ ജോലിയിൽ പ്രവേശിക്കുന്നവർക്ക് പ്രൊബേഷൻ ഡിക്ലയർ ചെയ്യാനുള്ള മലയാള ഭാഷാ പരിജ്ഞാന യോഗ്യതയായി കേരള പബ്ലിക് സർവീസ് കമ്മിഷൻ അംഗീകരിച്ചിട്ടുള്ളത് മലയാളം മിഷന്റെ നീലക്കുറിഞ്ഞി കോഴ്‌സാണ്.കേരളത്തിലെ പത്താം തരത്തിനു തുല്യമായ ഭാഷാ പ്രാവീണ്യ സർട്ടിഫിക്കറ്റാണ് ലഭിക്കുന്നത്.