
കൊയിലാണ്ടി: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിനെ അതിക്രൂരമായി മർദ്ദിച്ചതിന് സമാനമായി കൊയിലാണ്ടിയിലെ കോളേജിലും വിദ്യാർത്ഥിക്ക് എസ്.എഫ്.ഐ നേതാക്കളുടെ ക്രൂരമർദ്ദനമേറ്റു. കോളേജിലെ ബി.എസ്.സി രണ്ടാംവർഷ വിദ്യാർത്ഥി സി.ആർ. അമലിനാണ് മർദ്ദനമേറ്റത്. അമലിന്റെ മൂക്കിന്റെ പാലം തകർന്നു. സംഭവത്തിൽ കോളേജിലെ നാല് എസ്.എഫ്.ഐ നേതാക്കൾക്കെതിരെയും കണ്ടാലറിയാവുന്ന 20 പേർക്കെതിരെയും കൊയിലാണ്ടി പൊലീസ് കേസെടുത്തു
എസ്.എഫ്.ഐ നേതാവും കോളേജ് യൂണിയൻ ചെയർമാനുമായ ആർ.അഭയ് കൃഷ്ണ, എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അനുനാഥ്, നേതാക്കളായ നവജ്യോത്, അഭിനന്ദ് എന്നിവരുൾപ്പെടെയുള്ളവർക്ക് എതിരെയാണ് കേസെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. അമലിനെ കോളേജിനടുത്തുള്ള വീട്ടിൽ വിളിച്ച് വരുത്തി ഇരുപത്തഞ്ചോളംവരുന്ന എസ്.എഫ്.ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു എന്നാണ് പരാതി. നേരത്തെ കോളേജിൽ നടന്ന ഒരു സംഘർഷവുമായി ബന്ധപ്പെട്ടായിരുന്നു മർദ്ദനം. എന്നാൽ, സംഘർഷവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അമൽ പറഞ്ഞു.
അവശനായ അമലിനെ മർദ്ദകസംഘം തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ബൈക്കപകടത്തിൽ പരിക്കേറ്റതാണെന്നാണ് ആശുപത്രിയിൽ സംഘത്തിലുള്ളവർ വ്യാജവിവരം നൽകി. പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവിടെയും എസ്.എഫ്.ഐക്കാരത്തി ബൈക്ക് അപകടമാണെന്ന് ഡോക്ടറോട് പറഞ്ഞു.
വൈകിട്ട് വീട്ടിലെത്തിയപ്പോൾ വേദന അസഹ്യമായി. തുടർന്ന് വടകര സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വീട്ടുകാരോട് വിവരം പറഞ്ഞതനുസരിച്ച് പിതാവ് പയ്യോളി വില്ലേജ് ഓഫീസർ എ.വി. ചന്ദ്രൻ പൊലീസിലും കോളേജ് പ്രിൻസിപ്പിലിനും ശനിയാഴ്ച പരാതി നൽകി. തുടർന്നാണ് കേസെടുത്തത്. എന്നാൽ സംഭവം ശനിയാഴ്ച അമലിന്റെ പിതാവ് വിളിച്ചപ്പോഴാണ് അറിഞ്ഞതെന്ന് കോളേജ് പ്രിൻസിപ്പൽ പറഞ്ഞു. ഉടൻ സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.
സിദ്ധാർത്ഥിന്റെ മരണം:
കേസ് സി.ബി.ഐക്ക്
വിടണമെന്ന് സതീശൻ
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിനെ മൃഗീയമായി കൊലപ്പെടുത്തിയ കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. പൂക്കോട് ക്യാമ്പസിൽ നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
ഡീൻ ഉൾപ്പെടെ കൊടുംക്രൂരതയ്ക്ക് കൂട്ടുനിന്നത് അതീവ ഗൗരവതരമാണ്. കൊലയാളികൾ എസ്.എഫ്.ഐ നേതാക്കളാണെന്ന് സിദ്ധാർത്ഥിന്റെ മാതാപിതാക്കൾ മാദ്ധ്യമങ്ങളിലൂടെ ആവർത്തിക്കുമ്പോഴും രാഷ്ട്രീയ ബന്ധമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ പരസ്യമായി പ്രതികരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരെ ജില്ലയിലെ സി.പി.എം നേതാക്കൾ ഭീഷണിപ്പെടുത്തി പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്.
ക്രൂരപീഡനം ഏറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടും പൊലീസ് അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്. പൊലീസിൽ നിന്ന് സത്യസന്ധമായ അന്വേഷണം പ്രതീക്ഷിക്കാനാകില്ല. യഥാർത്ഥ വസ്തുതകളും ഗൂഢാലോചനയും കണ്ടെത്താൻ അന്വേഷണം സി.ബി.ഐക്ക് കൈമാറണം.