kunnamanfgalamnewsd
എൻ.ഐ.ടി.സി യിൽ സാറ്റലൈറ്റ് ഗവേഷണ കേന്ദ്രം ആരംഭിക്കുന്ന് സംബന്ധിച്ച് അനന്ത് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡുമായി എൻ.ഐ.ടി.സി ധാരണാപത്രം ഒപ്പുവച്ചപ്പോൾ

 ധാരണാപത്രം ഒപ്പുവെച്ചു

കുന്ദമംഗലം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിൽ അനന്ത് ടെക്‌നോളജീസിന്റെ സാറ്റലൈറ്റ് ഗവേഷണ കേന്ദ്രം ആരംഭിക്കുന്നു. അനന്ത് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡുമായി ഇത് സംബന്ധിച്ച് എൻ.ഐ.ടി.സി ധാരണാപത്രം ഒപ്പുവച്ചു. ചന്ദ്രയാൻ 3ൽ ഐ.എസ്.ആർ.ഒയുടെ സ്വകാര്യ പങ്കാളിയുമാണ് അനന്ത് ടെക്നോളജീസ്.

ബഹിരാകാശവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിലും പ്രോജക്ട് വിഷയങ്ങളിലും താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മികച്ച അവസരം ഒരുക്കാൻ ഈ പങ്കാളിത്തം സാദ്ധ്യമാക്കും. സാറ്റലൈറ്റ് സെന്റർ സ്ഥാപിക്കുന്നതിനുള്ള സ്ഥലവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും എൻ.ഐ.ടി.സി നൽകും.

ഓൺ-ബോർഡ്, ഗ്രൗണ്ട് എയ്‌റോ-സ്‌പേസ് സിസ്റ്റങ്ങൾ, സോഫ്റ്റ്‌വെയർ, ഐ.ടി ഉൽപ്പന്നങ്ങൾ, എൻജിനീയറിംഗ് സേവനങ്ങൾ എന്നിവയുടെ രൂപകൽപ്പന, വികസനം, റീ-എൻജിനീയറിംഗ്, നിർമ്മാണം, വിപണനം എന്നിവയിൽ മുൻനിരയിലുള്ള അനന്തുമായി സഹകരിക്കുന്നത് എൻ.ഐ.ടി.സിയ്ക്ക് അഭിമാന നിമിഷമാണെന്ന് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു.

അനന്തിന്റെ സ്ഥാപകനായ ഡോ. സുബ്ബറാവു പാവുലൂരി കാലിക്കറ്റ് റീജിയണൽ എൻജിനീയറിംഗ് കോളേജിലെ 1973 ബാച്ച് ബിരുദധാരികൂടിയാണ്. അനന്ത് ടെക്നോളജീസിന് വേണ്ടി ഡോ. സുബ്ബറാവു പാവുലൂരിയും എൻ.ഐ.ടിക്ക് വേണ്ടി സി.ഐ.ഐ.ആർ ചെയർപേഴ്സൺ ഡോ. ജോസ് മാത്യുവും കേരള ടെക്‌നോളജി എക്‌സ്‌പോയിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു.

പ്രൊഫ. പ്രസാദ് കൃഷ്ണ, ഫിസിക്സ് വിഭാഗം മേധാവി പ്രൊഫ.എം.കെ.രവിവർമ, എൻ.ഐ.ടി. കാലിക്കറ്റ് സാറ്റലൈറ്റ് റിസർച്ച് സെന്ററിന്റെ അദ്ധ്യാപക കോഓർഡിനേറ്റർ ഡോ.സി.വി.രഘു,. ഐ.എസ്ആർ.ഒ മുൻ ഡയറക്ടർ ഡോ. ഇ.കെ.കുട്ടി, മുൻ ഡെപ്യൂട്ടി ഡയറക്ടർ കെ.ജയറാം, പി.കെ.വരുൺ (യു.എൽ സ്പേസ് ക്ലബ്), അജയൻ കെ ആനാട് (കോ-ഓർഗനൈസർ, കേരള ടെക്‌നോളജി എക്‌സ്‌പോ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.