 
കോഴിക്കോട്: എസ്.എസ്.എൽ.സി പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥികളുടെ ആശങ്ക തീർത്ത് മാതൃഭാഷാ പരീക്ഷ. എല്ലാവർക്കും നന്നായി എഴുതാൻ സാധിച്ചതോടെ വിദ്യാർത്ഥികൾ ആദ്യ പരീക്ഷയെഴുതി സന്തോഷത്തോടെ മടങ്ങി. എല്ലാ ഭാഗത്ത് നിന്നും ചോദ്യങ്ങൾ വന്നതിനാൽ പ്രയാസമുണ്ടായില്ലെന്നും മലയാളം മധുരമായെന്നും വിദ്യാത്ഥികൾ പറഞ്ഞു.
ജില്ലയിൽ 206 കേന്ദ്രങ്ങളിലായി 43,811 വിദ്യാർത്ഥികളാണ് ഇന്നലെ പരീക്ഷയെഴുതിയത്. രാവിലെ 9.30 ന് ഒന്നാം ഭാഷ പാർട്ട് 1 പരീക്ഷയോടെയാണ് പരീക്ഷകൾക്ക് തുടക്കമായത്. കടുത്ത ചൂടിനെ വെല്ലാൻ കുടിവെള്ള കുപ്പികളുമായാണ് ഒട്ടുമിക്ക വിദ്യാർത്ഥികളും പരീക്ഷാഹാളിലെത്തിയത്. കുട്ടികൾ 9.20നകം ക്ലാസിൽ പ്രവേശിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശമുണ്ടായിരുന്നതിനാൽ വിദ്യാർത്ഥികൾ നേരത്തെ തന്നെ എത്തി. ഉത്തരക്കടലാസിന്റെ ആദ്യ പേജിൽ രജിസ്റ്റർ നമ്പർ ഉൾപ്പെടെ രേഖപ്പെടുത്തേണ്ടത് ഈ സമയത്തായിരുന്നു. 9.30തോടെ ചോദ്യപ്പേപ്പർ വിതരണം ചെയ്തു. 15 മിനിട്ട് കൂൾ ഓഫ് സമയത്തിനു ശേഷം 9.45 മുതലാണു പരീക്ഷ എഴുതിത്തുടങ്ങിയത്. പത്ത് വരെ എത്തുന്നവരെ പരീക്ഷയെഴുതാൻ അനുവദിച്ചിരുന്നു.
വടകര വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത്. 62 കേന്ദ്രങ്ങളിലായി 16,062 വിദ്യാർത്ഥികൾ ഇവിടെ പരീക്ഷ എഴുതി. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ 72 കേന്ദ്രങ്ങളിലായി 12,575 വിദ്യാർത്ഥികളും താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ 72 കേന്ദ്രങ്ങളിലായി 12,174 വിദ്യാർഥികളും പരീക്ഷയെഴുതി. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് കൊടുവള്ളി എളേറ്റിൽ എം.ജി.എച്ച്.എസ്.എസ് ലാണ്. 1034 പേർ. ആറ് വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന പറയഞ്ചേരി ജി.വി.എച്ച്.എസ്.എസ് ലാണ് ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത്. ജില്ലയിൽ 2500 വിദ്യാർത്ഥികൾ സ്ക്രൈബ് സഹായത്തോടെ പരീക്ഷ എഴുതി. ആറിന് ഇംഗ്ലീഷ് പരീക്ഷ നടക്കും.