നിലച്ചത് നാണയം നിക്ഷേപിച്ചാൽ വെള്ളം ലഭ്യമാക്കുന്ന പദ്ധതി
വാട്ടർവെൻഡിംഗ് മെഷീനുകൾ : 4
കോഴിക്കോട്: വേനൽച്ചൂട് കടുക്കുമ്പോഴും പ്രവർത്തിക്കാതെ റെയിൽ വേ സ്റ്റേഷനിലെ വാട്ടർവെൻഡിംഗ് മെഷീൻ. യാത്രക്കാർക്ക് ഒരു രൂപയ്ക്കു ശുദ്ധജലം ലഭ്യമക്കാൻ ഒരുക്കിയ സംവിധാനമാണ് പ്രവർത്തനരഹിതമായത്. മെഷിനുകളിൽ നിന്നും വെള്ളം ശേഖരിച്ചിരുന്ന യാത്രക്കാർ നൽകി കൂടുതൽ പണം നൽകി കുപ്പിവെള്ളം വാങ്ങേണ്ട സ്ഥിതിയാണ്.
ആറ് വർഷം മുമ്പാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ റെയിൽ വേ സ്‌റ്റേഷനിൽ നാലു പ്ലാറ്റ്‌ഫോമുകളിലും വാട്ടർ വെൻഡിംഗ് മെഷീൻ സ്ഥാപിച്ചത്. വലിയ വില കൊടുത്ത് വെള്ളം വാങ്ങുന്നവർക്ക് പദ്ധതി ഏറെ സഹായകരമായിരുന്നു. വെള്ളക്കുപ്പികൾ കൊണ്ടുനടക്കേണ്ട ബുദ്ധിമുട്ട് കുറയാനും ഇത് സഹായിച്ചിരുന്നു. ആദ്യഘട്ടത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ചെങ്കിലും പതിയെ പ്രവർത്തനരഹിതമാകുകയായിരുന്നു. ഇന്ത്യയിലെ എല്ലാ റെയിൽവേ സ്‌റ്റേഷനുകളിലും ഈ മെഷീൻ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരുടെ എണ്ണവും സാങ്കേതിക സാമ്പത്തിക ശേഷിയും അനുസരിച്ചാണ് ഓരോ സ്‌റ്റേഷനിലും മെഷീനുകൾ സ്ഥാപിച്ചിട്ടുള്ളത്. മിക്കയിടങ്ങളിലും പദ്ധതി നല്ല രീതിയിൽ മുന്നോട്ടുപോകുന്നുണ്ടെന്നും കേരളത്തിലെ ജനങ്ങൾ ഇത് വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തുന്നില്ലെന്നുമാണ് റെയിൽവേ അധികൃതർ പറയുന്നത്.
വാട്ടർ മെഷീനുകൾ സ്ഥാപിക്കുന്ന കമ്പനികൾക്ക് അംഗീകൃത ഗുണനിലവാരമുള്ളതും പാരിസ്ഥിതിക സൗഹാർദവുമായ പി.ഇ.ടിയുടെ വാട്ടർ ബോട്ടിലും നൽകിയിരുന്നു. പരാതികൾ ലഭിച്ച് തുടങ്ങിയതോടെ നിലവിലുള്ള മെഷീനുകൾ പരിശോധിച്ച് അത് റിപ്പയർ ചെയ്യാനുള്ള ആലോചനയിലാണ് റെയിൽവേ അധികൃതർ.
വില ഇങ്ങനെ
300 മില്ലി :2 രൂപ
കണ്ടെയ്നർ സഹിതം: 3
500 മില്ലി : 3
കണ്ടെയ്നർ സഹിതം: 5
1 ലിറ്റർ :5
കണ്ടെയ്നർ സഹിതം : 8
2 ലിറ്റർ: 8
കണ്ടെയ്നർ സഹിതം : 12
5 ലിറ്റർ :20
കണ്ടെയ്നർ സഹിതം : 25